പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം.  ആര്‍ത്തവദിനങ്ങള്‍  സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്.  പലരുടെയും പ്രധാന അമിത രക്തസ്രാവമാണ്. ഇത് ചിലപ്പോഴൊക്കെ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ് അമിതരക്തസ്രാവം.

തൈറോയ്ഡ്, അഡ്രിനല്‍, പാന്‍ക്രിയാസ് എന്നീ ഗ്രന്ഥികളുടെ പ്രവര്‍ത്തനതകരാറുകള്‍ അമിതരക്തസ്രാവം പോലെയുള്ള ആര്‍ത്തവപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. മറ്റ് കാരണങ്ങള്‍ നോക്കാം. 

1. ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡുകള്‍

ഫൈബ്രോയിഡുകള്‍ ഇന്ന് പല സ്ത്രീകളുടെയും പ്രശ്നമാണ്. ഗര്‍ഭകാലത്തും അല്ലാത്തതുമായ സമയത്തും ഇത്തരത്തില്‍ മുഴകള്‍ വരാം. ഗര്‍ഭകാലത്ത് ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്ന ക്യാന്‍സറിന് കാരണമല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകള്‍. ഈ ഫൈബ്രോയിഡുകള്‍ കാരണം അമിത രക്തസ്രാവം ഉണ്ടാവാം. 

2. അണ്ഡവിസര്‍ജനം നടക്കാത്ത അവസ്ഥ

ആര്‍ത്തവ സമയത്ത് അണ്ഡവിസര്‍ജനം ഉണ്ടായില്ലെങ്കില്‍, പ്രോജെസ്റ്റിറോണ്‍ ഹോര്‍മോണ്‍ണ്‍ ഉത്പാദിപ്പിക്കപ്പെടുകയില്ല. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാവുകയും രക്തസ്രാവത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

3. ഗര്‍ഭാശയ പോളിപ്പുകള്‍

ഗര്‍ഭപാത്രത്തിന്‍റെ ഉള്‍ പാളിയില്‍ ഉണ്ടാകുന്ന അപകടകരമല്ലാത്ത വളര്‍ച്ചകളാണ് പോളിപ്പുകള്‍. ഇതിനാല്‍ ആര്‍ത്തവസമയത്ത് അമിത രക്തസ്രാവമോ നീണ്ടുനില്‍ക്കുന്ന രക്തസ്രാവമോ ഉണ്ടായേക്കാം. 

4. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

 ആര്‍ത്തവ രക്തത്തിനൊപ്പം അടര്‍ന്ന് പുറത്തുപോകുന്ന ഗര്‍ഭപാത്രത്തിന്‍റെ ഉള്‍പാളിയുടെ വളര്‍ച്ച നിയന്ത്രിക്കുന്നത് ഈസ്ട്രജന്‍. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാവുകയാണെങ്കില്‍ അത് അമിത രക്തസ്രാവത്തിന് കാരണമായേക്കാം.

5. രക്തസ്രാവത്തിലെ തകരാറുകള്‍ 

രക്തം ശരിയായി കട്ടപിടിക്കാതിരിക്കുന്ന തരത്തിലുള്ള തകരാറുകള്‍ പാരമ്പര്യമായി ഉണ്ടെങ്കിലും അമിത രക്തസ്രാവം ഉണ്ടാകാം.

6. ഇന്‍ട്രാ യൂട്ടറൈന്‍ ഉപാധികള്‍

ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കുന്ന ഇന്‍ട്രാ യൂട്ടറൈന്‍ ഉപാധികള്‍  മൂലവും അമിത രക്തസ്രാവം ഉണ്ടാകാം.

7. ക്യാന്‍സര്‍ 

അണ്ഡാശയം, ഗര്‍ഭപാത്രം, ഗര്‍ഭാശയമുഖം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ആദ്യലക്ഷണമായി രക്തസ്രാവം ഉണ്ടായേക്കാം.