ലാബ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ നായ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെങ്കിൽ ഇക്കാര്യങ്ങൾ കൂടെ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വിശ്വസ്തരും, ഊർജ്ജസ്വലരും വളരെ സ്നേഹമുള്ളവരുമാണ് ലാബ്രഡോർ റിട്രീവർ. ലാബ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ നായ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെങ്കിൽ ഇക്കാര്യങ്ങൾ കൂടെ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

വ്യായാമം ചെയ്യണം

എപ്പോഴും ഊർജ്ജസ്വലരായി നിക്കുന്ന നായയാണ് ലാബ്രഡോർ റിട്രീവർ. നല്ല ആരോഗ്യത്തിനും അവ സന്തോഷത്തോടെയിരിക്കാനും ശരിയായ രീതിയിലുള്ള വ്യായാമം നിർബന്ധമാണ്. ഇത് അവരെ വിരസത, ആക്രമണ സ്വഭാവത്തിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കുന്നു.

ഭക്ഷണ ക്രമീകരണം

നല്ല ഗുണമേന്മയുള്ള പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളാണ് ഇവയ്ക്ക് നൽകേണ്ടത്. അതേസമയം ഭക്ഷണം അമിതമായി കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കാം. ഇല്ലെങ്കിൽ പൊണ്ണത്തടി ഉണ്ടാവാൻ സാധ്യതയുണ്ട്.

ഡോക്ടറെ കാണാം

ഇടയ്ക്കിടെ ഡോക്ടറെ കണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടത് പ്രധാനമാണ്. ഇത് രോഗങ്ങൾ ഉണ്ടെങ്കിൽ നേരത്തെ ചികിൽസിക്കാനും സഹായിക്കുന്നു. ലാബുകളിൽ ഹിപ് ഡിസ്‌പ്ലാസിയ, ചെവിയിൽ അണുബാധ, പൊണ്ണത്തടി തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇടയ്ക്ക് ഡോക്ടറെ സമീപിക്കുന്നത് നല്ലതായിരിക്കും.

ചെവി വൃത്തിയാക്കാം

ചെവിയിൽ ഈർപ്പം തങ്ങി നിന്നാൽ അണുബാധയുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ആഴ്ചയിൽ മരുന്നൊഴിച്ച് വൃത്തിയാക്കാൻ മറക്കരുത്. ഇത് അവയെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.

രോമങ്ങൾ ചീകണം

എല്ലാ വർഷവും ലാബുകളിൽ രോമങ്ങൾ കൊഴിയാറുണ്ട്. ആഴ്ചയിൽ ചീകുന്നത് രോമങ്ങൾ വൃത്തിയായിരിക്കാൻ സഹായിക്കുന്നു. കൂടാതെ രോമ കൊഴിച്ചിൽ ഇല്ലാതാവുകയും ചെയ്യും. ഇത് നിങ്ങളുടെ ബോണ്ടിങ് വർധിപ്പിക്കാനും സഹായിക്കുന്നു.

പരിശീലനം വേണം

നല്ല പരിശീലനം ലഭിച്ചില്ലെങ്കിൽ ഇവ ആക്രമണ സ്വഭാവത്തോടെ പെരുമാറാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ലാബുകളെ നേരത്തെ പരിശീലിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

മാനസികാരോഗ്യം

കളിപ്പാട്ടങ്ങൾ, ഗെയിമുകൾ തുടങ്ങിയ കാര്യങ്ങൾകൂടെ പരിശീലനത്തിൽ ഉൾപ്പെടുത്തണം. ഇത് ലാബിന്റെ മാനസികാരോഗ്യവും ബുദ്ധിശക്തിയും വർധിക്കാൻ സഹായിക്കുന്നു.