എപ്പോഴും പുറത്ത് പോകുന്നതും, മറ്റ് പൂച്ചകളുമായി സമ്പർക്കം പുലർത്തുന്നതുമായ പൂച്ചകൾക്ക് ഫെലൈൻ ലുക്കീമിയ വൈറസ് (FeLV) പോലുള്ള നോൺ-കോർ വാക്സിനുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

മൃഗങ്ങളെ വളർത്തുന്നതും അതിനെ പരിപാലിക്കുന്നതും പ്രത്യേകതരം സന്തോഷം ലഭിക്കുന്ന കാര്യമാണ്. ഇതിലൂടെ നമ്മുടെ സമ്മർദ്ദം കുറയ്ക്കാനും എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും സാധിക്കും. എന്നാൽ മൃഗങ്ങളെ വളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് മൃഗങ്ങൾക്ക് വാക്സിൻ എടുക്കേണ്ടത്. കൃത്യസമയങ്ങളിൽ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ മൃഗങ്ങൾക്ക് ജീവൻ വരെ നഷ്ടപ്പെടാൻ കാരണമാകുന്ന രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

  1. വളർത്തുമൃഗങ്ങളുടെ നല്ല ആരോഗ്യത്തിന് വേണ്ടി ഇടയ്ക്കിടെയുള്ള വാക്സിനുകൾ മുടക്കമില്ലാതെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

2. പൂച്ചകൾക്ക് എഫ്.വി.ആർ.സി.പി പോലുള്ള കോർ വാക്സിനേഷനുകൾ ആവശ്യമാണ്. ഇത് റിനോട്രാക്കൈറ്റിസ്, കാലിസിവൈറസ്, പാൻലൂക്കോപീനിയ തുടങ്ങിയ വൈറൽ രോഗങ്ങളിൽ നിന്നും പൂച്ചയെ സംരക്ഷിക്കുന്നു. അതുപോലെ തന്നെ റാബിസ് വാക്സിനും നിർബന്ധമായും എടുത്തിരിക്കേണ്ടതുണ്ട്.

3. എപ്പോഴും പുറത്ത് പോകുന്നതും, മറ്റ് പൂച്ചകളുമായി സമ്പർക്കം പുലർത്തുന്നതുമായ പൂച്ചകൾക്ക് ഫെലൈൻ ലുക്കീമിയ വൈറസ് (FeLV) പോലുള്ള നോൺ-കോർ വാക്സിനുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം ഒന്നിലധികം പൂച്ചകളുള്ള വീടുകളിലും, ശ്വാസകോശ അണുബാധയ്ക്ക് സാധ്യതയുള്ള പൂച്ചകൾക്കും നിർബന്ധിത വാക്സിനുകൾ കൂടാതെ മറ്റ് സുരക്ഷിത വാക്സിനുകൾ കൂടെ എടുക്കുന്നത് നല്ലതായിരിക്കും.

4. കൃത്യമായ ഇടവേളകളിൽ ബൂസ്റ്റർ വാക്സിനുകൾ എടുക്കുന്നത് വളർത്ത് പൂച്ചയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

5. വളർത്തുമൃഗങ്ങൾ വാക്സിൻ എടുക്കാൻ നിന്നുതരുമെങ്കിലും ചിലർക്ക് അതിന് സാധിക്കില്ല. ദുർബലമായ രോഗപ്രതിരോധമുള്ളതും, അലർജി ഉള്ള മൃഗങ്ങൾക്കും വാക്സിൻ എടുക്കുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. അത്തരം സന്ദർഭങ്ങളിൽ ആന്റിബോഡി ടൈറ്റർ എന്ന പരിശോധനയിലൂടെ പൂച്ചയുടെ നിലവിലുള്ള പ്രതിരോധശേഷി വിലയിരുത്താനും അതിലൂടെ അനാവശ്യ വാക്സിനുകളുടെ ആവശ്യകത കുറയ്ക്കാനും സഹായിക്കുന്നു.

6. വീക്കം, അലസത, അല്ലെങ്കിൽ അസ്വസ്ഥത തുടങ്ങിയ നേരിയ പാർശ്വഫലങ്ങൾ വാക്സിൻ എടുത്തതിന് ശേഷം മൃഗങ്ങളിൽ അനുഭവപ്പെടാറുണ്ട്. അതേസമയം സാധാരണയിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കാനും ശ്രദ്ധിക്കണം.