ദീർഘയാത്രകൾ നയിക്കുന്നത് മുതൽ ഭക്ഷണം കണ്ടെത്തുന്നതും എല്ലാവരെയും സുരക്ഷിതരാക്കുന്നതും വരെ, പെൺമൃഗങ്ങൾ പലപ്പോഴും അവരുടെ കൂടെയുള്ളവരെ ശാന്തതയോടെയും അവരുടെ അനുഭവത്തിലൂടെയും നയിക്കുന്നു.
പ്രകൃതിയിൽ ഒട്ടേറെ അത്ഭുതങ്ങൾ ഉണ്ട്. അത്തരത്തിൽ കൗതുകമുണ്ടാക്കുന്ന ഒന്നാണ് ഇനി പറയാൻ പോകുന്നത്. പ്രകൃതിയിൽ നേതൃത്വം എന്നത് വലുതോ ശക്തമോ എന്നതല്ല. പകരം കൂടെയുള്ളവരെ സംരക്ഷിക്കുകയും ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ്. പല ജന്തുജാലങ്ങളിലും ആ പങ്ക് ഏറ്റെടുക്കുന്നത് സ്ത്രീകളാണ്.
ദീർഘയാത്രകൾ നയിക്കുന്നത് മുതൽ ഭക്ഷണം കണ്ടെത്തുന്നതും എല്ലാവരെയും സുരക്ഷിതരാക്കുന്നതും വരെ, പെൺമൃഗങ്ങൾ പലപ്പോഴും അവരുടെ കൂടെയുള്ളവരെ ശാന്തതയോടെയും അവരുടെ അനുഭവത്തിലൂടെയും നയിക്കുന്നു. ഇതൊരു അത്ഭുതമായി നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ പ്രകൃതിയിൽ നേതൃത്വം പല രീതിയിലാണ് ഉണ്ടാകുന്നത്. അത്തരത്തിൽ നേതൃത്വം വഹിക്കുന്ന പെൺ മൃഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
സിംഹം
സിംഹങ്ങൾ വളരെ ശക്തരാണ്. എന്നാൽ മിക്ക ജോലികളും ചെയ്യുന്നത് പെൺ സിംഹങ്ങളാണ്. ഭക്ഷണം പിടിക്കാൻ കൂട്ടമായി ഒത്തുചേരുന്ന പ്രധാന വേട്ടക്കാരാണ് അവർ. സാധാരണയായി ആൺ സിംഹങ്ങൾ കൂട്ടത്തെ, പുറത്തുനിന്നുള്ള അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുമ്പോൾ നല്ല ഭക്ഷണം നൽകുകയും പരിപാലിക്കുകയും ചെയ്യുന്നത് പെൺ സിംഹങ്ങളാണ്. കൂട്ടായ പ്രവർത്തനവും വേട്ടയാടൽ കഴിവുകളും അവയെ അതിജീവിക്കാൻ സഹായിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.
ആന
ആനകൾ അടുത്ത കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. മാട്രിയാർക്ക് എന്നറിയപ്പെടുന്ന ഏറ്റവും പ്രായം കൂടിയ പെൺ ആനയാണ് ഇവയെ നയിക്കുന്നത്. പെൺ ആന കൂട്ടത്തെ നയിക്കുകയും, ഭക്ഷണത്തിനും വെള്ളത്തിനും എവിടേക്ക് പോകണമെന്നും എങ്ങനെ സുരക്ഷിതമായി തുടരണമെന്നും തീരുമാനിക്കുന്നു. പെൺ ആനയുടെ വർഷങ്ങളുടെ പരിചയസമ്പത്ത് മറ്റുള്ള ആനകളെ കാട്ടിൽ അതിജീവിക്കാൻ സഹായിക്കുന്നു. ഇളയ ആനകൾ മാർഗനിർദേശത്തിനായി പെൺ ആനയുടെ അടുത്തേക്കാണ് പോകാറുള്ളത്.
തേനീച്ചകൾ
തേനീച്ചക്കൂട്ടിൽ റാണി തേനീച്ചയാണ് എല്ലാറ്റിന്റെയും കേന്ദ്രബിന്ദു. മുട്ടയിടാൻ കഴിയുന്ന ഒരേയൊരു തേനീച്ചയും ഇതാണ്. ബാക്കിയുള്ള പെൺ തേനീച്ചകൾ മറ്റ് കാര്യങ്ങളെല്ലാം പരിപാലിക്കുന്നു. തേൻ ശേഖരണം, കൂട് വൃത്തിയാക്കൽ, സംരക്ഷണം തുടങ്ങി ദൈനംദിന ജീവിതം നയിക്കുന്നു. ആൺ തേനീച്ചകൾക്ക് റാണിയുമായി ഇണചേരുക എന്ന ദൗത്യം മാത്രമേയുള്ളു.
ഉറുമ്പുകൾ
തേനീച്ചകളെപ്പോലെ തന്നെയാണ് ഉറുമ്പുകളും ജീവിക്കുന്നത്. ഇവിടെയും റാണി പ്രധാന പങ്ക് വഹിക്കുന്നു. മുട്ടയിടുകയും കൂട്ടിലെ കാര്യങ്ങൾ നോക്കുന്നതും റാണി തന്നെയായിരിക്കും. മറ്റ് പെൺ ഉറുമ്പുകൾ ഭക്ഷണം കണ്ടെത്തുകയും, കൂട് വൃത്തിയാക്കുകയും, അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. റാണിയുമായി ഇണചേരുക എന്നതുമാത്രമാണ് ആൺ ഉറുമ്പുകളുടെ പങ്ക്.


