ഈർപ്പം കൂടുമ്പോൾ അണുക്കൾ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മൃഗങ്ങളിലെ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
മഴക്കാലത്തെ പ്രധാന വെല്ലുവിളി ഈർപ്പമാണ്. ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാക്കുന്നു. ഈർപ്പം കൂടുമ്പോൾ അണുക്കൾ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മൃഗങ്ങളിലെ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതുമൂലമാണ് മൃഗങ്ങളുടെ രോമങ്ങളിൽ ചെള്ള് ശല്യം ഉണ്ടാകുന്നത്. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
മഴ നനഞ്ഞാൽ നന്നായി തുടക്കണം
മൃഗങ്ങളെ കുളിപ്പിച്ച് കഴിഞ്ഞതിന് ശേഷം നന്നായി തുടക്കാൻ ശ്രദ്ധിക്കണം. മഴ നനഞ്ഞാലും നന്നായി തുടച്ച് ഉണക്കാൻ മറക്കരുത്. രോമങ്ങളിലും ചർമ്മത്തിലും നനവ് തങ്ങി നിന്നാൽ ബാക്റ്റീരിയ, ഫങ്കസ് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ചർമ്മ രോഗങ്ങൾക്ക് വഴിയൊരുക്കുന്നു.
ഗ്രൂമിങ് ചെയ്യണം
കൃത്യമായ ഇടവേളകളിൽ ഗ്രൂമിങ് ചെയ്യാൻ ശ്രദ്ധിക്കണം. രോമങ്ങൾ ചീകുകയും ആവശ്യമെങ്കിൽ മുറിച്ചു കളയുകയും ചെയ്യാം. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും, മുടിയിഴകളെ നിയന്ത്രിക്കുകയും, ആരോഗ്യകരമായ തിളക്കം ലഭിക്കുകയും, മുടിയുടെ അവശിഷ്ടങ്ങളും അയഞ്ഞ മുടിയും ഇല്ലാതാക്കുകയും ചെയ്യുന്നു.
ചർമ്മാരോഗ്യം ശ്രദ്ധിക്കാം
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കണം. പോഷകങ്ങൾ, വിറ്റാമിൻ എ, ഇ, ബയോട്ടിൻ എന്നിവ മൃഗങ്ങൾക്ക് വളരെ പ്രധാനമാണ്. ഈ വിറ്റാമിനുകൾ ചർമ്മ പ്രതിരോധം വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും തിളങ്ങുന്ന രോമങ്ങൾ നിലനിർത്തുകയും ചെയ്യുന്നു.
കിടക്ക വൃത്തിയാക്കാം
മൃഗങ്ങൾ ഉപയോഗിക്കുന്ന കിടക്ക ഇടയ്ക്കിടെ വൃത്തിയാക്കുന്നത് നല്ലതായിരിക്കും. ഈർപ്പമുള്ള കിടക്കയിൽ ഫങ്കസ് ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ആഴ്ചയിൽ കിടക്ക വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ശരീരത്തിൽ ജലാംശം ഉണ്ടാവണം
നിർജ്ജീലീകരണം ഉണ്ടായാൽ ചർമ്മവും രോമങ്ങളും വരണ്ട് പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മൃഗങ്ങൾക്ക് എപ്പോഴും വെള്ളം കൊടുക്കാൻ ശ്രദ്ധിക്കണം. ദാഹം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം.
മൃഗങ്ങളിലെ ചെള്ള് ശല്യം
മഴക്കാലത്ത് മൃഗങ്ങളിൽ ചെള്ള് ശല്യമുണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിൽ ഈർപ്പം ഉണ്ടായാൽ അണുക്കൾ പെരുകുകയും അതുമൂലം ചർമ്മ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.


