കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വളർത്തുമൃഗങ്ങൾക്ക് നൽകേണ്ട പരിചരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. തണുപ്പുകാലത്ത് വീട്ടിൽ നായ്ക്കളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

തണുപ്പുകാലം ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ നായ്ക്കൾക്ക് ഈ സമയം കുറച്ചധികം കാഠിന്യമേറിയതാണ്. തണുപ്പ് കൂടുന്നതിന് അനുസരിച്ച് പലതരം രോഗങ്ങളും അവയ്ക്ക് ഉണ്ടാകുന്നു. അതിനാൽ തന്നെ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വളർത്തുനായ്ക്കൾക്ക് പരിചരണം നൽകേണ്ടതുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

1.ചൂടുള്ള ലഭിക്കുന്ന സ്ഥലങ്ങൾ

തണുപ്പുകാലത്ത് നല്ല ചൂട് ലഭിക്കുന്ന സ്ഥലങ്ങളിലാവണം വളർത്തുനായ്ക്കളെ കിടത്തേണ്ടത്. തണുത്ത ഫ്ലോർ, ജനാലയുടെ വശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കിടത്തുന്നത് ഒഴിവാക്കാം. അവയ്ക്ക് കട്ടിയുള്ള കിടക്കകൾ ഒരുക്കുന്നതാണ് നല്ലത്.

2. പുറത്തിറക്കരുത്

തണുപ്പ് സമയങ്ങളിൽ വളർത്തുനായ്ക്കളെ വീടിന് പുറത്തിറക്കുന്നത് ഒഴിവാക്കാം. വല്ലപ്പോഴും മാത്രം ഇറക്കുന്നതാണ് നല്ലത്. പകരം വീടിനുള്ളിൽ തന്നെ വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാനും കളിക്കാനുമുള്ള ഇടങ്ങൾ ഒരുക്കാം.

3. ഭക്ഷണവും വെള്ളവും

തണുപ്പ് സമയങ്ങളിൽ ചൂടായിരിക്കണമെങ്കിൽ നായ്ക്കൾക്ക് ഊർജ്ജം ആവശ്യമാണ്. അതിനാൽ തന്നെ കൃത്യമായ സമയങ്ങളിൽ ഭക്ഷണവും ശുദ്ധ ജലവും നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

4. കാൽപാദങ്ങൾ സംരക്ഷിക്കാം

തണുപ്പുള്ള സമയങ്ങളിൽ വളർത്തുമൃഗങ്ങളെ നടത്തിക്കുന്നത് ഒരു പരിധിവരെ കുറയ്ക്കാം. ഇവയുടെ കാൽപാദങ്ങളിൽ തണുപ്പ് നേരിട്ടടിക്കുകയും പാദങ്ങൾക്ക് വേദന അനുഭവപ്പെടാനും സാധ്യത കൂടുതലാണ്. കഴിയുമെങ്കിൽ പെറ്റ് ബൂട്ടിസ് അണിയിക്കുന്നതാണ് നല്ലത്.

5. കുളിപ്പിക്കുന്നത്

തണുപ്പുകാലത്ത് വളർത്തുനായ്ക്കളെ എപ്പോഴും കുളിപ്പിക്കേണ്ടതില്ല. ഇത് നായ്ക്കളുടെ ചർമ്മം വരണ്ടതാകാൻ കാരണമാകുന്നു. അതേസമയം പുറത്തിറക്കിയാൽ വളർത്തുനായയെ നന്നായി തുടച്ച് ഉണക്കാനും മറക്കരുത്.