ആദ്യമായി മീനിനെ വളർത്താൻ ഒരുങ്ങുമ്പോൾ മിക്കപേരും തിരഞ്ഞെടുക്കുന്നത് ഗോൾഡ് ഫിഷുകളെയാണ്. മീനുകളെ വളർത്തുന്നത് എളുപ്പമാണെന്ന് തോന്നുമെങ്കിലും അവയെ പരിപാലിക്കുന്നത് അത്ര നിസ്സാരമായ കാര്യമല്ല.
മീനുകളെ വളർത്താൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. പലതരം നിറങ്ങളിലും ആകൃതിയിലും വലിപ്പത്തിലുമൊക്കെയുള്ള മീനുകൾ ലഭ്യമാണ്. എങ്കിലും ആദ്യമായി മീനിനെ വളർത്താൻ ഒരുങ്ങുമ്പോൾ മിക്കപേരും തിരഞ്ഞെടുക്കുന്നത് ഗോൾഡ് ഫിഷുകളെയാണ്. മീനുകളെ വളർത്തുന്നത് എളുപ്പമാണെന്ന് തോന്നുമെങ്കിലും അവയെ പരിപാലിക്കുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഗോൾഡ് ഫിഷിനെ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ 10 കാര്യങ്ങൾ അറിയാതെ പോകരുത്.
ബൗളിൽ വളർത്തരുത്
പല വീടുകളിലെയും സ്ഥിരം കാഴ്ചയാണ് മീനുകളെ ബൗളിലാക്കി വളർത്തുന്നത്. പ്രത്യേകിച്ചും ഗോൾഡ് ഫിഷുകളെ ഭംഗി മാത്രം നോക്കി ബൗളിലാക്കി വളർത്തുന്നവരുണ്ട്. വാങ്ങുമ്പോൾ മീനുകൾ ചെറുതാണെങ്കിലും ഇവ 12 ഇഞ്ച് വരെ നീളൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഒരു ഗോൾഡ് ഫിഷ് ആണെങ്കിലും അതിന് വളരാൻ കുറഞ്ഞത് 30 ലിറ്ററിന്റെ ടാങ്ക് തന്നെ ആവശ്യമാണ്.
ദീർഘകാലം ജീവിക്കുന്നു
കുറച്ച് കാലം മാത്രം ജീവിക്കുന്ന മീനുകളല്ല ഗോൾഡ് ഫിഷുകൾ. ശരിയായ രീതിയിൽ പരിചരണവും, ഭക്ഷണവും നൽകിയാൽ ഇവ 10 മുതൽ 15 വർഷം വരെ ജീവിക്കാറുണ്ട്. ഗോൾഡ് ഫിഷിനെ വളർത്താൻ തിരഞ്ഞെടുക്കുമ്പോൾ ദീർഘകാലത്തേക്കാണ് നിങ്ങൾക്ക് കൂട്ട് ലഭിക്കുന്നത്.
മാലിന്യങ്ങൾ
മീനുകൾ അമിതമായി മാലിന്യങ്ങളെ പുറംതള്ളാറുണ്ട്. അതുകൊണ്ട് തന്നെ വെള്ളവും പെട്ടെന്ന് മലിനമാകുന്നു. നിങ്ങൾ മീനിനെ വളർത്തുന്ന ടാങ്കിൽ ഫിൽറ്റർ ഘടിപ്പിച്ചാൽ ഇത് വെള്ളത്തെ എപ്പോഴും മാലിന്യമുക്തമാക്കി തരുന്നു.
ആദ്യമായി മീൻ വളർത്തുന്നവർ
ആദ്യമായി മീനിനെ വളർത്തുന്നവരാണ് നിങ്ങൾ എങ്കിൽ ഗോൾഡ് ഫിഷിനെ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും ചെറിയ ടാങ്കുകളിൽ ഗോൾഡ് ഫിഷിനെ വളർത്തരുത്. നല്ല സൗകര്യങ്ങളുള്ള അക്വാറിയത്തിൽ വളർത്തുന്നതാണ് ഉചിതം.
മീനുകൾക്ക് കൂട്ടുവേണം
സാമൂഹിക സ്വഭാവമുള്ളവരാണ് ഗോൾഡ് ഫിഷുകൾ. അവയെ ഒറ്റയ്ക്ക് വളർത്തുന്നതിനേക്കാളും കൂട്ടത്തിൽ വളർത്തുന്നതാണ് നല്ലത്. ഗോൾഡ് ഫിഷുകളെ പോലെ തന്നെ ശാന്ത സ്വഭാവമുള്ള മീനുകളെ ഒരുമിച്ച് വളർത്താവുന്നതാണ്.
തണുത്ത വെള്ളം
ഗോൾഡ് ഫിഷുകൾക്ക് തണുത്ത വെള്ളത്തിൽ വളരാനാണ് ഇഷ്ടമുള്ളത്. 18 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പുള്ള വെള്ളത്തിലാവണം മീനുകളെ വളർത്തേണ്ടത്.
പോഷകാഹാരം
മറ്റുള്ള മീനുകളെക്കാളും നന്നായി ഭക്ഷണം കഴക്കുന്നവരാണ് ഗോൾഡ് ഫിഷുകൾ. പെല്ലറ്റ്സ്, പച്ചക്കറികൾ, പീസ് എന്നിവ നൽകുന്നത് മീനുകളെ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു.
വ്യക്തിത്വം
ഗോൾഡ് ഫിഷുകൾ ചെറിയ മീനുകളാണെങ്കിലും അവർക്ക് അവരുടേതായ സ്വഭാവ രീതികളുണ്ട്. വളരെ ശ്രദ്ധാലുക്കളും, എപ്പോഴും സജീവമായിരിക്കുകയും അവരുടെ ഉടമസ്ഥരെ തിരിച്ചറിയാനുള്ള ശേഷിയും ഈ മീനുകൾക്കുണ്ട്. അവയ്ക്കൊപ്പം കൂടുതൽ നേരം ചിലവഴിച്ചാൽ മനുഷ്യരോട് പെട്ടെന്ന് ഇണങ്ങുകയും ചെയ്യുന്നു.
'പൂച്ചകൾക്ക് പ്രമേഹം ഉണ്ടാകുമെന്ന് പലർക്കും അറിയില്ല'; അനുഭവം പങ്കുവെച്ച് യുവതി


