മൃഗങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനും, ഭക്ഷണത്തെ മുഴുവൻ രൂപത്തിൽ കൊടുക്കുന്നതിലൂടെ അവയുടെ മനോനില മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് മൃഗശാല അവകാശപ്പെടുന്നത്.
ഓമനിച്ചു വളർത്തിയ അരുമകളെ കൊലയ്ക്ക് കൊടുക്കാൻ ആർക്കാണ് ഇഷ്ടമുള്ളത്. സ്വന്തം മക്കളെപ്പോലെ വളർത്തുന്ന ആരും വളർത്തുമൃഗങ്ങളെ ഇല്ലാതാക്കാൻ താല്പര്യപ്പെടില്ല. ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാമെന്ന പദ്ധതി ഇട്ടിരിക്കുകയാണ് ഡെന്മാർക്കിലെ ഒരു മൃഗശാല. എന്നാൽ ഇതിനൊരു ട്വിസ്റ്റുണ്ട്. സംഭവം വളർത്താനല്ല. കൊല്ലാനാണ് മൃഗശാല വളർത്തുമൃഗങ്ങളെ ആവശ്യപ്പെട്ടിരിക്കുന്നത്. മൃഗശാലയുടെ അപൂർവ പദ്ധതി ഇങ്ങനെയാണ്, ആവശ്യമില്ലാത്തവർക്ക് വളർത്തുമൃഗത്തെ മൃഗശാലയ്ക്ക് ദാനം ചെയ്യാം. ഇവയെ ദയാവധം ചെയ്ത് മൃഗശാലയിൽ തന്നെയുള്ള പുലിക്കും കടവയ്ക്കുമൊക്കെ ഭക്ഷണമായി നൽകും.
ജീവനുള്ള മുയലുകൾ, കോഴികൾ, നായ്ക്കൾ, ഗിനിപ്പന്നികൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെയാണ് മൃഗശാല ലക്ഷ്യമിടുന്നത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഇരയെ സ്വന്തമായി പിടികൂടി കഴിക്കുന്നത് പോലെയുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടിയാണ് മൃഗശാല ഇത്തരത്തിൽ പദ്ധതി ഇട്ടിരിക്കുന്നത്. ഇത് മൃഗങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനും, ഭക്ഷണത്തെ മുഴുവൻ രൂപത്തിൽ കൊടുക്കുന്നതിലൂടെ അവയുടെ മനോനില മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് മൃഗശാല അവകാശപ്പെടുന്നത്. ഇത്തരത്തിൽ മൃഗങ്ങളെ ദാനം ചെയ്യുന്നവർക്ക് നികുതിയിൽ ഇളവ് നൽകുമെന്നും പദ്ധതിയുടെ വ്യവസ്ഥയിൽ പറയുന്നു.
മൃഗങ്ങളെ കൊണ്ട് വരാൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നില്ല. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും ദാനം ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഒരാൾക്ക് നാല് മൃഗങ്ങളെ വരെ ദാനം ചെയ്യാൻ സാധിക്കും. മൃഗങ്ങളെ നൽകുന്നവർക്ക് മറ്റ് പാരിതോഷികം ലഭിക്കില്ലെങ്കിലും കുതിരയെ നൽകുന്നവർക്ക് കൂടുതൽ പരിഗണ ലഭിക്കുന്നു. അതേസമയം ഒരു മാസത്തിനുള്ളിൽ കുതിരയുള്ള രോഗങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്ന രേഖയും ഹാജരാക്കേണ്ടതുണ്ട്.


