ഓരോ പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും നിർണായകമായ സമയമാണല്ലോ ഗർഭകാലം. ഏറെ സന്തോഷത്തോടെയിരിക്കേണ്ട സമയം കൂടിയാണ്. ​ഗർഭകാലത്തെ ചിന്തകൾ കുഞ്ഞിനെ ബാധിക്കാറുണ്ടെന്നാണ് പൊതുവേ പറയാറുള്ളത്. ​ഗർഭകാലത്ത് നെ​ഗറ്റീവ് ചിന്തകൾ പരമാവധി ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ​ഗർഭകാലത്തെ ചിന്തകൾ കുഞ്ഞിനെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെ പറ്റി അടുത്തിടെ പഠനം നടന്നിരുന്നു. ​​

ഗർഭിണികളിലെ ചിന്തകൾ കുട്ടികളിൽ പ്രതിഫലിക്കുമെന്നാണ് പുതിയ പഠനം. പോസിറ്റീവ് ചിന്തകളുള്ള അമ്മമാരുടെ കുട്ടികൾ സയൻസിലും കണക്കിലും കൂടുതൽ പ്രാവീണ്യമുള്ളവരായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 1600 ​ഗർഭിണികളിലാണ് പഠനം നടത്തിയത്. അത് കഴിഞ്ഞ്, കുട്ടികളിൽ കണക്ക്, സയൻസ് വിഷയങ്ങളിലുള്ള പ്രാവീണ്യം അളക്കുന്ന ടെസ്റ്റുകൾ നടത്തി. 8,11,13 വയസുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. ​

ഗർഭിണിയായിരുന്നപ്പോൾ ജീവിതത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചും പ്രതീക്ഷകളും ലക്ഷ്യവും ഉണ്ടായിരുന്ന അമ്മമാരുടെ കുട്ടികൾ സയൻസിലും കണക്കിലും കൂടുതൽ മികവ് പുലർത്തുന്നതായി പഠനത്തിൽ പറയുന്നു. കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഈ അമ്മമാർ കഴിച്ചിരുന്നതെന്നും ​ഗവേഷകർ പറയുന്നു. ​ഗർഭകാലത്തെ പോസിറ്റീവ്  ചിന്തകൾ കുട്ടികൾക്ക് ആത്മവിശ്വാസവും കരുത്തും നൽകുമെന്ന് പഠനത്തിൽ പറയുന്നു.