ഗ്ലോബൽ ​ഐക്കൺ പ്രിയങ്ക ചോപ്ര സൗന്ദര്യത്തിലൂടെയും വശ്യതയിലൂടെയും അഭിമുഖങ്ങളിൽ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുന്ന താരമാണ്​. സെലിബ്രിറ്റിയായതുകൊണ്ട്​ തന്നെ ആലോചിക്കാതെ ഒരു സ്വകാര്യതയും അവർ പരസ്യമാക്കാറുമില്ല. എന്നാൽ ഫെമിന മാഗസിന്​ സമീപകാലത്ത്​ നൽകിയ അഭിമുഖം താരത്തെ വിവാദത്തിലാക്കി. അഭിമുഖത്തിൽ തെറ്റായി ഉദ്ദരിച്ചെന്ന്​ ആരോപിച്ച്​ പ്രിയ രംഗത്തുവന്നു. ഒടുവിൽ മാഗസിൻ വിവാദ ഉദ്ദരണി ഭാഗം പിൻവലിച്ച്​ മാപ്പുപറഞ്ഞു.

മുൻ കാമുകൻ നൽകിയ ജാക്കറ്റ്​ ധരിച്ച്​ അന്താരാഷ്​ട്ര വേദിയിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട ഭാഗമാണ്​ മാഗസിൻ തെറ്റായി ഉദ്ദരിച്ചത്​. അവനെ ഞാൻ എം.എഫ്​ എന്ന്​ വിളിച്ചു എന്ന പരാമർശമാണ്​ താരത്തെ ചൊടിപ്പിച്ചത്​. 'I'm all about girl love എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ഇന്‍റർവ്യുവിൽ സൂചിപ്പിക്കുന്നത്​ ഷാറൂഖ്​ ഖാൻ ​ആണെന്ന പ്രചാരണവും വ്യാപകമായി.

ജാക്കറ്റുമായി ബന്ധപ്പെട്ട ചോദ്യഭാഗം പിൻവലിച്ചാണ്​ ഫെമിന മാഗസിൻ തടിയൂരിയത്​. കഴിഞ്ഞ മെയിൽ പ്രിയങ്ക പ്രത്യക്ഷപ്പെട്ട ചാറ്റ്​ഷോയിൽ ധരിച്ച ​ബ്രൌൺ ജാക്കറ്റ്​ സംബന്ധിച്ച പരാമർശമാണ്​ താരത്തി​ന്‍റെ ഉറക്കംകെടുത്തിയത്​. ഇതേ ജാക്കറ്റ്​ മുമ്പ്​ ഷാറൂഖ്​ ഖാൻ ധരിച്ചതാണെന്ന കഥകളാണ്​ പ്രചരിച്ചത്​.

എന്നാൽ പ്രചാരണങ്ങളോട്​ പ്രിയങ്ക പ്രതികരിച്ചില്ല. സമാന ജാക്കറ്റ്​ ധരിച്ച ഷാറൂഖി​ന്‍റെ ചിത്രങ്ങളും ഇതോടൊപ്പം പുറത്തുവന്നിരുന്നു.