രോഗം നിര്‍ണ്ണയിക്കുന്നതിനും ചികിത്സ തേടുന്നതിനും വരുന്ന കാലതാമസമാണ്‌ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. തുടക്കത്തില്‍തന്നെ രോഗ നിര്‍ണയം നടത്തിയാല്‍ പ്രോസ്റ്റേറ്റ്ക്യാന്‍സര്‍ ചികിത്സിച്ചുമാറ്റാവുന്നതാണ്. 'രോഗ നിര്‍ണയം നേരത്തെ നടത്തിയാല്‍ പത്തില്‍ ഒന്‍പതുപേരേയും ചികിത്സിച്ചു സുഖപ്പെടുത്താനാകും,'എന്ന്‌ കേരളത്തിലെ യൂറോളജിസ്റ്റുമാര്‍ അഭിപ്രായപ്പെടുന്നു. അതു കൊണ്ട്തന്നെ രോഗ ലക്ഷണങ്ങള്‍ മനസിലാക്കി നേരത്തെ തന്നെ രോഗ നിര്‍ണയം നടത്തി ചികിത്സിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ്‌ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസത്തെ അവബോധ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.

'മാറികൊണ്ടിരിക്കുന്ന ജീവിതശൈലിയും ജീവിതദൈര്‍ഘ്യത്തിലെ ഏറ്റകുറച്ചിലുകളുമാണ്‌ പ്രോസ്റ്റേറ്റ്ക്യാന്‍സര്‍ ഇന്ത്യയില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്,'എന്ന് തിരുവനന്തപുരത്തെ കോസ്‌മോ പോളിറ്റന്‍ ആശുപത്രിയിലെ യൂറോളജിസ്റ്റ്‌ ഡോക്ടര്‍ പി എസ് ജോയ്‌ജ്യോതിസ്, കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ ജോര്‍ജ്ജ്. പി ഏബ്രാഹം എന്നിവര്‍ അഭിപ്രായപ്പെട്ടു.

70 ശതമാനത്തോളം പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ്ക്യാന്‍സര്‍ കണ്ടുപിടിക്കുന്നത് 65 വയസ്സിന്‌ ശേഷമാണ്. ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കണ്ടുവരാറുളള ശ്വാസകോശ ക്യാന്‍സര്‍ കഴിഞ്ഞാല്‍പിന്നെ കണ്ട് വരുന്നത് പ്രോസ്റ്റേറ്റ്ക്യാന്‍സറാണ്. മരണ കാരണമാകാവുന്ന രോഗങ്ങളില്‍ വച്ച് ആറാംസ്ഥാനമാണ്‌ പ്രോസ്റ്റേറ്റ്ക്യാന്‍സറിനുള്ളത്.

'ഹൃദ്രോഗസംബന്ധമായ രോഗങ്ങളെക്കുറിച്ചും പ്രമേഹത്തെക്കുറിച്ചും നിരവധി ബോധവത്കരണ പരിപാടികള്‍ നടക്കാറുണ്ടെങ്കിലും പ്രോസ്റ്റേറ്റ് ക്യാന്‍സറിനെക്കുറിച്ചുളള ബോധവത്കരണ പരിപാടികള്‍ കുറവാണ്. അതുകൊണ്ട്തന്നെ ഇന്ത്യക്കാര്‍ ക്യാന്‍സറിന്റെ രോഗലക്ഷണങ്ങളെ അവഗണിക്കുകയും ശരിയായ ചികിത്സ നടത്താതിരിക്കുകയുമാണ് പതിവ്. ഈ സമീപനം മൂലം അധികം താമസിക്കാതെതന്നെ പ്രോസ്റ്റേറ്റ്ക്യാന്‍സര്‍ നമ്മുടെ നാട്ടിലെ പുരുഷന്മാരില്‍ വളരെ സാധാരണയായി കാണുന്ന ഗുരുതരരോഗമായി മാറും,' എന്ന് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ യൂറോളജിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഇവാല്യൂവേഷനിലെ യൂറോളജിസ്റ്റായ ഡോ വിനോദ് കെ.വി, കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ യുറോളജി വിഭാഗം ഡോ ജിനില്‍കുമാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

അറുപത്തിയഞ്ച്‌ വയസ്‌ കഴിഞ്ഞ പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ്ക്യാന്‍സര്‍ ലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാവുന്നതാണ്. രാത്രി കാലങ്ങളില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രത്തിലോ, ശുക്ലത്തിലോ പഴുപ്പ്, രക്തം എന്നിവയുടെ സാന്നിധ്യം തുടങ്ങിയ ലക്ഷണങ്ങള്‍, എല്ലാം തന്നെ വളരെ ഗൗരവമായിതന്നെ കാണേണ്ടതാണ്. വാര്‍ദ്ധക്യസഹജമായ കാരണങ്ങള്‍ പറഞ്ഞ് ഇവ തളളിക്കളയരുത്. കാരണം ഈ ലക്ഷണങ്ങള്‍ പ്രോസ്റ്റേറ്റ്ക്യാന്‍സറിന്റെ രോഗലക്ഷണങ്ങളാവാം.

ബോധവത്കരണത്തിന്റെ പ്രധാന ലക്ഷ്യം രോഗികളിലപ്രോസ്റ്റേറ്റ്ക്യാന്‍സറിന്റെ സാന്നിധ്യം തുടക്കത്തിലെ കണ്ടുപിടിക്കുകയെന്നതാണ്. വര്‍ഷത്തിലൊരിക്കല്‍ വളരെ ലളിതമായ സെറം പി എസ് എ ടെസ്റ്റ് എന്ന രക്ത പരിശോധനയിലൂടെ പ്രോസ്റ്റേറ്റ്ക്യാന്‍സര്‍ കണ്ടുപിടിക്കാവുന്നതാണ്. 50 വയസിനു മുകളിലുളള വരിലാണ്‌ പ്രോസ്റ്റേറ്റ്ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലായി കാണുന്നത്. കുടുംബത്തിലോ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലുമോ പ്രോസ്റ്റേറ്റ്ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 40 വയസ് മുതല്‍ ഈ രക്തപരിശോധന നടത്തേണ്ടതാണ്.