ഭക്ഷണവും ഉറക്കവും അലര്‍ജിയുമെല്ലാം കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമാകുന്നു ശീലങ്ങള്‍ കൊണ്ട് മാറ്റാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ മരുന്ന് കൊണ്ട് മാറ്റാം

കണ്ണിന് താഴെ കറുത്ത വലയങ്ങളുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മയോ ഉത്കണ്ഠയോ അലര്‍ജിയോ ഒക്കെയാകാം ഇതിന് കാരണം. ഈ കാരണത്തിനാണ് യഥാര്‍ത്ഥത്തില്‍ ചികിത്സ ആവശ്യം. 

തൊലിയെ ബാധിക്കുന്ന അലര്‍ജിയാണ് ഒരു പ്രധാന പ്രശ്‌നം. കാലാവസ്ഥയ്ക്ക് അനുസരിച്ച് വരുന്ന അലര്‍ജികള്‍ മരുന്ന് കഴിക്കുന്നതിലൂടെ പരിഹരിക്കാവുന്നതാണ്. എന്നാല്‍ മരുന്നിന് മാറ്റം വരുത്താനാകാത്ത ഡാര്‍ക് സര്‍ക്കിളുകള്‍ ഒരു പക്ഷേ ഏതെങ്കിലും ഭക്ഷണത്തില്‍ നിന്നുള്ളതോ താമസിക്കുന്ന സ്ഥലത്ത് നിന്നുള്ളതോ ജോലി ചെയ്യുന്നയിടത്ത് നിന്നുള്ളതോ ആയ അലര്‍ജിയാകാം. ഇതിന് പ്രത്യേകിച്ച് ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കാണേണ്ടതാണ്. 

ഉറക്കമില്ലാത്തവരുടെ തൊലി പൊതുവേ വിളര്‍ത്തിരിക്കും, മാത്രമല്ല ഇവരില്‍ രക്തയോട്ടവും കുറവായിരിക്കും. കൂട്ടത്തില്‍ ആവശ്യമായ വിറ്റാമിനുകള്‍ കൂടിയില്ലെങ്കില്‍ കണ്ണിന് താഴെ കറുപ്പ് പടരുമെന്ന കാര്യത്തില്‍ സംശയമില്ല. ഉത്കണ്ഠയോ വിഷാദമോ മൂലം ഉറക്കം നഷ്ടപ്പെട്ടവരാണെങ്കില്‍ ഇതിനും പരിഹാരം തേടേണ്ടതാണ്. ഏഴ് മണിക്കൂറെങ്കിലും തുടര്‍ച്ചയായി ഉറങ്ങാന്‍ ശ്രദ്ധിക്കുക. 

പുകവലിക്കുന്നവരില്‍ കണ്ണിന് താഴെ കറുപ്പ് പടരുന്നത് പോലെ തന്നെ ഞരമ്പുകള്‍ നീല നിറത്തില്‍ തൊലിക്കടിയില്‍ തെളിഞ്ഞ് നില്‍ക്കാനും സാധ്യതയുണ്ട്

വിറ്റാമിന്‍ കെ.യുടെ കുറവും കണ്ണിന് താഴെ കറുത്ത വലയങ്ങളുണ്ടാക്കിയേക്കും. ഇതിനെ ചെറുക്കാന്‍ വിറ്റാമിന്‍ കെ അടങ്ങിയ ക്രീം പുരട്ടാവുന്നതാണ്. 

കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമായേക്കും. അമര്‍ത്തി ഉരയ്ക്കുമ്പോള്‍ തൊലിക്കടിയിലുള്ള ചെറിയ കാപ്പില്ലറികള്‍ പൊട്ടാന്‍ ഇടയാകുന്നതാണ് ഇതിന് കാരണം. കഴിവതും കണ്ണുകളും, കണ്‍പോളകളും, കണ്ണിന് ചുറ്റുപാടുമുള്ളയിടങ്ങളും വളരെ ശ്രദ്ധയോടെ സൂക്ഷിക്കുക. 

B12 ന്റെയും ആന്റി ഓക്‌സിഡന്റുകളുടേയും കുറവാണ് മറ്റൊരു കാരണം. ഇതിന് ധാരാളം കാബേജ്, ചീര മറ്റ് ഇലകളെല്ലാം കഴിച്ചാല്‍ മതിയാകും. ആവശ്യമെങ്കില്‍ വിറ്റാമിന്‍ ഗുളികകളും കഴിക്കാവുന്നതാണ്. അതുപോലെ അമിതമായ സോഡിയത്തിന്റെ അളവ് ശരീരത്തില്‍ ചിലയിടങ്ങളില്‍ നിന്ന് വെള്ളത്തിന്റെ അംശം ഇല്ലാതാക്കുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. 

പുകവലിയാണ് മറ്റൊരു പ്രധാന കാരണം. പുകവലിക്കുന്നവരില്‍ കണ്ണിന് താഴെ കറുപ്പ് പടരുന്നത് പോലെ തന്നെ ഞരമ്പുകള്‍ നീല നിറത്തില്‍ തൊലിക്കടിയില്‍ തെളിഞ്ഞ് നില്‍ക്കാനും സാധ്യതയുണ്ട്. 10 ഗ്ലാസ് വെള്ളമെങ്കിലും ദിവസത്തില്‍ കുടിക്കുന്നത് ഒരു പരിധി വരെ ഈ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തു. മാനലികമായ പ്രശ്ങ്ങള്‍ മൂലം ഉറക്കം നഷ്ടപ്പെടുന്നവര്‍ക്കാണെങ്കില്‍ യോഗ പതിവാക്കുന്നതും പരിഹാരമാണ്.