തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയെ രോഗി സൗഹൃദമാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് നവീകരിച്ച ക്യാന്‍സര്‍ വാര്‍ഡുകളെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതുപോലെ മനസിന് കുളിര്‍മ്മയും സന്തോഷവും തരുന്ന മനോഹരവും വൃത്തിയും വെടിപ്പുമുള്ളവയാക്കി മറ്റ് വാര്‍ഡുകളേയും മാറ്റും. ആധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപണികള്‍ വേഗത്തില്‍ നടത്താനും വേണ്ടിയാണ് കേരളത്തിലാദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവീകരിച്ച ക്യാന്‍സര്‍ വാര്‍ഡുകളുടേയും (വാര്‍ഡ് 11, 12) ഇന്‍ ഹൗസ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റേയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ലോകോത്തര സ്ഥാപനമാക്കിയുയര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി 600 കോടിയുടെ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്തും. സര്‍ക്കാരിന്റെ ഒന്നര വര്‍ഷത്തെ ശ്രമഫലമായി നിരവധി പദ്ധതികള്‍ ഇവിടെ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ചികിത്സാ രംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടു വരും. ഇതോടൊപ്പം എസ്.എ.ടി. ആശുപത്രിയിലും വലിയ മാറ്റങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നത്. പ്രിന്‍സിപ്പലിന്റേയും സൂപ്രണ്ടിന്റേയും നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജിന്റെ കൂട്ടായ പ്രവര്‍ത്തനം മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത് കൊച്ചിയില്‍ ഒരു ആധുനിക ക്യാന്‍സര്‍ സെന്റര്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി 355 കോടി നല്‍കും. തിരുവനന്തപുരം ആര്‍.സി.സി., മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ രോഗികളുടെ ബാഹുല്യമാണ് മധ്യകേരളത്തില്‍ ഇത്തരമൊരു സെന്റര്‍ തുടങ്ങാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനുമായി ബൃഹദ് പദ്ധതികളാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളേയും ക്യാന്‍സര്‍ രോഗ ചികിത്സയ്ക്ക് പ്രാപ്തമാക്കും. ഇതിന്റെ ഭാഗമായാണ് ഓങ്കോളജി വിഭാഗത്തില്‍ 105 തസ്തികകള്‍ ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്.

ആരോഗ്യ വകുപ്പില്‍ മൊത്തം 4100 പുതിയ തസ്തികള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ സൃഷ്ടിച്ചിരുന്നു. ഇതുതന്നെ സര്‍വകാല റെക്കോഡാണ്.

പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ളവയിലും പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. മൊത്തം ആരോഗ്യ മേഖലയിലെ സ്റ്റാഫ് നഴ്‌സില്‍ മൂന്നിലൊരു ഭാഗവും ഈ ഒന്നര വര്‍ഷം കൊണ്ട് സൃഷ്ടിച്ചതാണ്. പക്ഷെ ഇനിയും ഒരുപാട് തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

 ആന്റീ ബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം മൂലം ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനെ പറ്റി പഠിക്കുന്നതിന് ഇന്ത്യയിലാദ്യമായി പദ്ധതി തയ്യാറാക്കുകയാണ്. വയോജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷ 40 പുതിയ വയോമിത്രം കേന്ദ്രങ്ങള്‍ തുടങ്ങാനായി. സായംപ്രഭ എന്നൊരു പുതിയ പദ്ധതി ഉടന്‍ നടപ്പിലാക്കും. വയോജനങ്ങള്‍ക്കായി എല്ലാ മെഡിക്കല്‍ കോളേജിലും പ്രത്യേക വാര്‍ഡുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

കൗണ്‍സിലര്‍ എസ്.എസ്. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ക്യാന്‍സര്‍ വിഭാഗം മേധാവി ഡോ. കെ.എല്‍. ജയകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, ടെക്‌നിക്കല്‍ ഓഫീസര്‍ ജി. സുരേഷ് കുമാര്‍, നഴ്‌സിംഗ് ഓഫീസര്‍ ബി. ഉദയറാണി, എച്ച്.ഡി.എസ്. അംഗം ഡി. ആര്‍. അനില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.