പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ പിടിപെട്ട് മരണം ഉറപ്പായ ഒരു യുവതി, തനിക്ക് അവസാനമായി ഒരു ആഗ്രഹമുണ്ടെന്ന് പ്രിയപ്പെട്ടവരോട് പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട മില്‍ക്ക്‌ഷേക്ക് കുടിക്കണമെന്നതായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ, അത് സ്വന്തം നാട്ടിലെ റെസ്റ്റോറന്റില്‍നിന്ന് തന്നെ വേണമെന്നും ആശുപത്രി കിടക്കയില്‍ കിടന്ന് അവള്‍ പറഞ്ഞു. അങ്ങനെ 595 കിലോമീറ്റര്‍ അകലെനിന്ന് അന്നുരാത്രി തന്നെ മില്‍ക്ക് ഷേക്ക് എത്തിച്ചു. ഈ കഥ നടന്നത് ഇവിടെയെങ്ങുമല്ല, അമേരിക്കയിലാണ്. ഓഹിയോ സ്വദേശിനിയായ എമിലി പോമറാന്‍സിനാണ് മരണം പടിവാതില്‍ക്കല്‍ നില്‍ക്കെ സ്വന്തംനാട്ടിലെ റെസ്റ്റോറന്റിലെ മില്‍ക്ക് ഷേക്ക് കുടിക്കാന്‍ ആഗ്രഹം തോന്നിയത്. ഇക്കാര്യം അടുത്ത സുഹൃത്തായ സാമിനോട് പറഞ്ഞു.

സാം ഓഹിയോയിലുള്ള സുഹൃത്ത് വഴി അന്നുരാത്രിതന്നെ, വിമാനമാര്‍ഗം മില്‍ക്ക് ഷേക്ക്, എമിലിയെ പ്രവേശിപ്പിച്ച വാഷിങ്ടണിലെ ആശുപത്രിയില്‍ എത്തിച്ചു. മില്‍ക്ക് ഷേക്ക് കേടാകാതിരിക്കാന്‍ ഐസ് നിറച്ച ബാഗിലിട്ടാണ് കൊണ്ടുവന്നത്. ഓഹിയോയിലെ പ്രസിദ്ധമായ ടോമിസ് റെസ്റ്റോറന്റില്‍നിന്നാണ് മോച്ച എന്ന പേരില്‍ അറിയപ്പെടുന്ന മില്‍ക്ക് ഷേക്ക് എമിലിയ്‌ക്കായി എത്തിച്ചത്. രോഗബാധിതയാകുന്നതിന് മുമ്പ് മിക്ക ദിവസങ്ങളിലും എമിലി അവിടെയെത്തി, തന്റെ പ്രിയപ്പെട്ട വിഭവം കഴിച്ചിരുന്നു. ഏതായാലും അന്ത്യാഭിലാഷം സാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എമിലി ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. ആ മില്‍ക്ക് ഷേക്ക് കഴിച്ചു കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞപ്പോഴായിരുന്നു എമിലിയുടെ അന്ത്യം. ഏറെ കഷ്‌ടപ്പെട്ടെങ്കിലും എമിലിയ്‌ക്കായി മില്‍ക്ക് ഷേക്ക് എത്തിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഉറ്റ സുഹൃത്തായ സാം.