അന്ന് സന യാത്ര പുറപ്പെടുമ്പോള്‍ എവിടെയെങ്കിലും പോയി മരിച്ചാല്‍ മതിയെന്നായിരുന്നു അന്ന് മനസ്സിലുണ്ടായിരുന്നത്. അങ്ങനെയാണ് തന്‍റെ ബുള്ളറ്റുമെടുത്ത് യാത്ര പുറപ്പെട്ടത് അത്രയും ആത്മസംഘര്‍ഷങ്ങള്‍ സന ഇക്ബാലിനെ വേട്ടയാടുന്നുണ്ടായിരുന്നു. എന്നാല്‍ ആ യാത്ര സനയുടെ ജീവിതം ആകെ മാറ്റിമറിച്ചു. പിന്നീട് ആത്മഹത്യയ്‌ക്കെതിരെ ബോധവത്ക്കരണവുമായി സന ഇക്ബാല്‍ ഏറെ ദൂരം സഞ്ചരിച്ചു.

ജീവിതത്തില്‍ ഒരുഘട്ടത്തിലും നിങ്ങള്‍ കണ്‍ഫ്യൂഷന് അടിമയാകരുത്. അത് ആത്മവിശ്വാസത്തെയും മനക്കരുത്തിനെയും ദുര്‍ബലമാക്കും. എന്തിനും ഏതിനും ശാശ്വതമായ പരിഹാരവും പരിസമാപ്തിയും നമ്മളില്‍ തന്നെയുണ്ട്. ഏറെ ദൂരം യാത്ര ചെയ്യുമ്പോഴും ഈ വാക്കുകള്‍ എന്നും സനയോടൊപ്പമുണ്ടായിരുന്നു. ഹൈദരാബാദുകാരിയായ സന 10 വര്‍ഷമായി തന്റെ പ്രിയപ്പെട്ട റോയല്‍ എന്‍ഫീഡിലാണ് സഞ്ചാരം. ബുള്ളറ്റിന് പുറകില്‍ ഉറപ്പിച്ച ബോര്‍ഡില്‍ ആത്മഹത്യകളും വിഷാദ രോഗങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു വനിതയുടെ ബോധവത്ക്കരണ യാത്ര എന്നെഴുതിയിട്ടുണ്ട്. 

എന്നാല്‍ സഞ്ചാരികളെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് ചൊവ്വയാഴ്ച പുലര്‍ച്ചെ 3.30 ന് ആ വാര്‍ത്ത എത്തിയത്. കാറപകടത്തില്‍ സന ഇക്ബാല്‍ കൊല്ലപ്പെട്ടു. ഭര്‍ത്താവിനോടപ്പമുള്ള യാത്ര ചെയ്യവേയാണ് അപകട രൂപത്തില്‍ സനയെ മരണം തട്ടിയെടുത്തത്. പരുക്കേറ്റ ഭര്‍ത്താവ് അബ്ദുള്‍ നദിം ചികിത്സയിലാണ്. ഹൈദരാബാദ് ഔട്ടര്‍ റിങ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. കാര്‍ മീഡിയനിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവാണ് കാര്‍ ഓടിച്ചിരുന്നത്. ഗുരുതമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് നര്‍സിംഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി വി രമണ ഗൗഡ് പറഞ്ഞു. 

ആത്മഹത്യയ്ക്കും വിഷാദ രോഗത്തിനുമെതിരെ ബോധവത്ക്കരണവുമായി ഒറ്റയ്ക്ക് ഇന്ത്യയൊട്ടാകെ ബൈക്കില്‍ സഞ്ചരിച്ച ആ യുവതിയുടേത് അപകടമരണമല്ലായെന്ന് അമ്മ വാദിക്കുന്നുണ്ട്. ഭര്‍ത്താവും ഭര്‍ത്തൃ മാതാവും സനയെ പീഡിപ്പിച്ചിരുന്നതായി അമ്മ പറയുന്നു.

എന്നാല്‍ ഭര്‍ത്താവും വീട്ടുകാരുടെയും പീഡനത്തെ കുറിച്ച് സന സുഹൃത്തുക്കള്‍ക്കെഴുതിയ ഇമെയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ ഹൃദയാഘാതം മൂലമോ ഷോക്കേറ്റോ മരിച്ചാല്‍ അതിന് കാരണക്കാര്‍ നദീമും അമ്മയുമാണെന്ന് കത്തില്‍ പറയുന്നുണ്ട്.സന തന്റെ ബുള്ളറ്റില്‍ ഇന്ത്യ മുഴവന്‍ ഒറ്റയ്ക്ക് 38,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. രണ്ടു വയസ്സുള്ള മകനെയും സഞ്ചാരികളെയുമെല്ലാം നിരാശരാക്കികൊണ്ടാണ് സന ഈ ലോകത്തോട് വിട വാങ്ങിയത്.