ബിസിനസ് ആവശ്യവുമായോ വിനോദ യാത്രയ്‌ക്കോ പോകുമ്പോഴാണ് പലരും ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി മികച്ച ഓഫറില്‍ കുറഞ്ഞ നിരക്കില്‍ മുറികള്‍ ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. മുറി ബുക്ക് ചെയ്യുന്നവരില്‍നിന്ന് ഹോട്ടലുടമയും അവിടുത്തെ ജീവനക്കാരും മറച്ചുവെക്കുന്ന ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം...

1, നേരിട്ട് വിളിച്ചാല്‍ നിരക്ക് കുറയും-

ഹോട്ടലില്‍ മുറി ബുക്ക് ചെയ്യാന്‍ അവര്‍ പരസ്യപ്പെടുത്തുന്ന നിരക്ക് പരമാവധിയുള്ളതാണ്. ഇതില്‍നിന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ കുറച്ചുനല്‍കും. എന്നാല്‍ ഈ കുറവ് വരുത്തുന്നത്, ഓണ്‍ലൈന്‍ വെബ്സൈറ്റുകാര്‍ക്കുള്ള കമ്മീഷന്‍ കൂടി കഴിഞ്ഞിട്ടാണ്. വലിയ ഹോട്ടലിലൊക്കെ നേരിട്ട് വിളിച്ചാല്‍ പരമാവധി കുറവുള്ള നിരക്കില്‍ അവര്‍ മുറി നല്‍കാന്‍ തയ്യാറാകും. ആവശ്യമെങ്കില്‍ നിരക്കിന്റെ കാര്യത്തില്‍ വിലപേശല്‍ ആകാം. ഇങ്ങനെ പരമാവധി കുറഞ്ഞ നിരക്കില്‍ മുറി ബുക്ക് ചെയ്യാനാകുമെന്ന കാര്യം ഹോട്ടലുകാര്‍ ഉപഭോക്താക്കളോട് പറയാറില്ല. ഇടനിലക്കാര്‍ വഴിയുള്ള ബുക്കിങ് ആണ് അവര്‍ക്ക് ലാഭം. 

2, ആഘോഷങ്ങള്‍ അവര്‍ ഏറ്റെടുക്കും-

ജന്മദിനം, വിവാഹവാര്‍ഷികം എന്നിങ്ങനെ നിങ്ങളുടെ ജീവിതത്തിലെ പ്രത്യേകതയുള്ള ദിവസമാണ് ഹോട്ടലില്‍ താമസിക്കുന്നതെങ്കില്‍ ഈ വിവരം ഹോട്ടലുകാരോട് പറയുക. ജീവിതത്തിലെ പ്രത്യേകദിവസം ആഘോഷിക്കുന്നതിനുള്ള അവസരം ഹോട്ടലുകാര്‍ ഒരുക്കിത്തരും. ചില ഹോട്ടലുകാര്‍ അവരുടെ ചെലവില്‍ നിങ്ങളുടെ ആഘോഷം സംഘടിപ്പിക്കാനും തയ്യാറാകും. എന്നാല്‍ ഈ കാര്യം അവര്‍ ഇങ്ങോട്ടുപറയണമെന്നില്ല. അങ്ങോട്ട് ആവശ്യപ്പെടുകയാണ് വേണ്ടത്. 

3, പ്രത്യേക പരിഗണന വേണമെങ്കില്‍ നേരിട്ട് ബുക്ക് ചെയ്യുക-

‍ഡിസ്‌കൗണ്ട് സൈറ്റുകള്‍ വഴി മുറി ബുക്ക് ചെയ്യുന്നതിനേക്കാള്‍, നേരിട്ട് ബുക്ക് ചെയ്യുന്നവരോടാണ് ഹോട്ടലുകാര്‍ക്ക് താല്‍പര്യം. അതുകൊണ്ടുതന്നെ സേവനം, അപ്‌ഗ്രഡേഷന്‍(ഒഴിവ് വരുന്ന ഉയര്‍ന്ന ഗ്രേഡ് മുറികള്‍ ലഭ്യമാകുക) എന്നിവയൊക്കെ ഡിസ്‌കൗണ്ട് സൈറ്റുകള്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് അത്ര പെട്ടെന്ന് ലഭ്യമാകില്ല. 

4, ഹോട്ടലിലെ മികച്ച മുറികള്‍-

ഹോട്ടലില്‍ മുറി ബുക്ക് ചെയ്യുമ്പോള്‍ മികച്ച മുറികള്‍ ഏതെന്ന് ജീവനക്കാര്‍ പറഞ്ഞുതരില്ല. ഇക്കാര്യം അങ്ങോട്ടു ആവശ്യപ്പെടുകയാണ് വേണ്ടത്. വലുപ്പത്തിന്റെ കാര്യത്തില്‍ കോര്‍ണറിലുള്ള മുറികളായിരിക്കും മികച്ചത്. പുറത്തെ കാഴ്‌ചകള്‍ കാണാനാണെങ്കില്‍ മുകള്‍ നിലകളിലെ റൂം തന്നെ വേണമെന്ന് ആവശ്യപ്പെടുക. 

5, ബുക്കിങ് ഫുള്‍ ആണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യും?

രാത്രി വൈകി ഒരു മുറി ബുക്ക് ചെയ്യാന്‍ വേണ്ടി എത്തുമ്പോഴാകും റിസപ്‌ഷനിസ്റ്റ് ബുക്കിങ് ഫുള്‍ ആണെന്ന കാര്യം പറയുക. അപ്പോള്‍ എന്തു ചെയ്യും? അങ്ങനെ പറഞ്ഞാലും വീണ്ടും വീണ്ടും ആവശ്യപ്പെടുക. ബുദ്ധിമുട്ടുകള്‍ ഹോട്ടല്‍ ജീവനക്കാരെ പറഞ്ഞു മനസിലാക്കിക്കുക. എന്തെന്നാല്‍, ഫുള്‍ ആണെങ്കില്‍ രണ്ടോ മൂന്നോ മുറികള്‍ ഹോട്ടലുകാര്‍ ഒഴിച്ചിടാറുണ്ട്. എന്നാല്‍ വളരെ അത്യാവശ്യമുള്ളവര്‍ക്കായി മാറ്റിവെക്കുന്ന ഇത്തരം മുറികള്‍ക്ക് കൂടിയ നിരക്ക് നല്‍കേണ്ടിവരുമെന്ന് മാത്രം. 

6, ഗ്ലാസും ജഗും സൂക്ഷിക്കുക- 

മുറി ചെക്ക് ഇന്‍ ചെയ്‌താല്‍ ഉടന്‍ ഹോട്ടല്‍ ജീവനക്കാരന്‍ ഗ്ലാസുകളും വെള്ളം നിറച്ച ജഗും കൊണ്ടുവരാറുണ്ട്. എന്നാല്‍ ഈ ഗ്ലാസും ജഗും അത്ര വൃത്തിയുള്ളതാകണമെന്നില്ല. അതുകൊണ്ടുതന്നെ, നല്ലതുപോലെ കഴുകിയശേഷം മാത്രമെ ഗ്ലാസും ജഗും ഉപയോഗിക്കുക. ഹോട്ടലില്‍നിന്ന് തരുന്ന ജലം ഒഴിവാക്കി, കുടിക്കാന്‍വേണ്ടി തിളപ്പിച്ച വെള്ളം തരാന്‍ ആവശ്യപ്പെടുക. 

7, കിടക്കവിരിയും പുതപ്പും തലയിണയും വൃത്തിയുള്ളതല്ലെങ്കില്‍...

മിക്കവാറും ഹോട്ടലുകളില്‍ കിടക്കവിരിയും പുതപ്പും, തലയിണയും ടവലും അത്ര വൃത്തിയുള്ളതാകണമെന്നില്ല. വൃത്തിയുടെ കാര്യത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍, വൃത്തിയുള്ളത് നല്‍കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുക. ഇങ്ങനെ ആവശ്യപ്പെട്ടാല്‍, അവരുടെ കൈവശമുള്ളതില്‍ ഏറ്റവും വൃത്തിയുള്ളത് ലഭ്യമാക്കും.