നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് ഫോമിലെ ഇടിവും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ട് ബിസിസിഐ നേതൃമാറ്റത്തിന് ഒരുങ്ങുന്നതായാണ് സൂചന.

മുംബൈ: ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് മോശം ഫോമില്‍ തുരുന്നതിനിടെ ഇന്ത്യൻ ടി20 ടീമിന്‍റെ അടുത്ത നായകൻ ആരാകുമെന്ന ചര്‍ച്ചകളും സജീവമാണ്. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് ഫോമിലെ ഇടിവും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ട് ബിസിസിഐ നേതൃമാറ്റത്തിന് ഒരുങ്ങുന്നതായാണ് സൂചന. ശുഭ്മാന്‍ ഗില്ലിനെയായിരുന്നു സൂര്യകുമാറിന്‍റെ പിന്‍ഗാമിയായി ബിസിസിഐ ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ഓപ്പണറായി ഗില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ശ്രേയസ് അയ്യരുടെ പേരാണ് ബിസിസിഐ ഇപ്പോൾ പരിഗണിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2023-ന് ശേഷം ശ്രേയസ് അയ്യർ ഇന്ത്യക്കായി ടി20 ഫോർമാറ്റിൽ കളിച്ചിട്ടില്ല. എന്നാൽ ഐപിഎല്ലിലെ ശ്രേയസിന്‍റെ മികച്ച ക്യാപ്റ്റൻസി റെക്കോർഡാണ് ബിസിസിഐയെ വീണ്ടും ശ്രേയസിനെ തന്നെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നത്. അയ്യർ അവസാനമായി ഇന്ത്യക്കായി ഒരു ടി20 മത്സരം കളിച്ചത് 2023-ലാണ്. നിലവിൽ ശ്രേയസ് ടി20 ടീമിന്‍റെ ഭാഗമല്ല. എന്നാൽ ശ്രേയസിനെ ആദ്യം ടി20 ടീമിന്‍റെ ഭാഗമാക്കുകയും സൂര്യകുമാര്‍ ബാറ്റിംഗ് ഫോം വീണ്ടെടുത്തില്ലെങ്കില്‍ അധികം കാത്തിരിക്കാതെ ശ്രേയസിനെ ടി20 ക്യാപ്റ്റൻ സ്ഥാനം ഏല്‍പ്പിക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. 2028 ലെ ടി20 ലോകകപ്പും ഒളിംപിക്സും കൂടി മുന്നിൽ കണ്ടാണ് സെലക്ടർമാരുടെ നീക്കമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

2024 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചതോടെ സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ നയിക്കാനുള്ള ശ്രേയസിന്‍റെ മികവ് തെളിയിക്കപ്പെട്ടതാണ്. ഐപിഎല്ലില്‍ ഏറ്റവും മികച്ച വിജയ ശതമാനമുള്ള നായകനും ശ്രേയസാണ്. കൊല്‍ക്കത്തയെ ചാമ്പ്യൻമാരാക്കിയതിന് പുറമെ നായകനെന്ന നിലയില്‍ ഡൽഹി ക്യാപിറ്റൽസിനെയും പഞ്ചാബ് കിംഗ്സിനെയും ശ്രേയസ് ഫൈനലിലെത്തിച്ചിരുന്നു.

ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെങ്കിലും നായകൻ സൂര്യകുമാർ യാദവിന്‍റെ വ്യക്തിഗത ഫോം സെലക്ടര്‍മാരില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും ലക്ഷ്യമിട്ട് ഒരു ദീർഘകാല ക്യാപ്റ്റനെ കണ്ടെത്താനാണ് സെലക്ടർമാർ ഇപ്പോൾ ശ്രമിക്കുന്നത്. നിലവിൽ ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർക്ക് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തിളങ്ങാൻ കഴിയുമെന്നത് അനുകൂല ഘടകമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായിരിക്കെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ശ്രേയസിന്‍റെ ക്യാപ്റ്റൻസി മികവിനെ അംഗീകരിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിസിനായി ഐപിഎല്ലിൽ മികച്ച പ്രകടനം തുടർന്നാൽ ശ്രേയസ് അയ്യർ വൈകാതെ ടീം ഇന്ത്യൻ ടി20 ടീം നായകനായി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക