ശരീരമനങ്ങാതെ വ്യായാമമില്ലാതെ ജീവിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇക്കാലത്ത ഇരുന്നു ചെയ്യുന്നതരത്തിലുള്ള ഓഫീസ് ജോലികളാണ് കൂടുതലും. ഇത് വ്യായാമമില്ലാത്ത അവസ്ഥ ഉണ്ടാക്കും. പുതിയ പഠനം അനുസരിച്ച് ഇരുന്ന ജോലി ചെയ്യുന്നവര്‍ക്ക് അപകടകരമായ രണ്ട് ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്. ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയാണത്. പ്രതിദിനം അഞ്ചു മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്‌നങ്ങള്‍ കൂടാനുള്ള സാധ്യത. ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍(ഹൃദയ ധമനികളില്‍ ബ്ലോക്ക്) പ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത 2.2 ശതമാനം കൂടുതലായിരിക്കുമെന്നാണ് ബ്രിട്ടനിലെ വാര്‍വിക്ക് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. അഞ്ചു മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാനും, നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയാനും കാരണമാകുന്നു. ഇത് ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. എന്നാല്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു ദിവസം 15000 ചുവട് നടക്കുകയും ഏഴു മണിക്കൂറോളം ഇരിക്കാതെ, നില്‍ക്കുകയോ നടക്കുകയോ ചെയ്‌താല്‍ ഇരുന്ന് ജോലി ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തെ മറികടക്കാനാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് ഒബീസിറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.