ആരെങ്കിലുമൊന്ന് സ്നേഹത്തോടെ കെട്ടിപിടിച്ചാല്‍ പോലും എല്ലുകള്‍ ഒടിയുന്ന അവസ്ഥ‌

പുറത്തു പോയി കളിക്കാനോ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനോ സാധിക്കാത്ത ഒരു ആറ് വയസ്സുക്കാരന്‍. അതാണ്
റീക്കോ ക്യൂനന്‍. കാഴ്ചയില്‍ ഒരു സാധാരണ കുട്ടിയാണ് റീക്കോ ക്യൂനന്. എന്നാല്‍ ആറാം വയസ്സിനിടയില്‍ ഈ കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായ ഒടിവുകളുടെ എണ്ണം അഞ്ഞൂറ്. 

മാരകമായ Osteogeneses Imperfecta Type Three എന്ന രോഗമാണ് ഈ കുഞ്ഞിന്. കാനഡയിലെ ടൊറന്റോ സ്വദേശിയാണ് റീക്കോ. ജനിച്ചപ്പോൾതന്നെ റീക്കോയ്ക്ക് ഈ അസുഖം ആരംഭിച്ചിരുന്നു. എല്ലുകള്‍ക്ക് തീരെ ബലമില്ലാത്ത റീക്കോയ്ക്ക് ഒന്നാം പിറന്നാള്‍ ആയപ്പോഴേക്കും ഏകദേശം 80 ഒടിവുകള്‍ സംഭവിച്ചിരുന്നു. 

ആരെങ്കിലുമൊന്ന് സ്നേഹത്തോടെ കെട്ടിപിടിച്ചാല്‍ പോലും എല്ലുകള്‍ ഒടിയുന്ന അവസ്ഥ‌. 20,000 പേരില്‍ ഒരാള്‍ക്ക് വരുന്ന രോഗമാണ് ഇതെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. ഒടിവുകളുടെ എണ്ണം എടുക്കുന്നതുപോലും വീട്ടുക്കാര്‍ നിര്‍ത്തി. എങ്കിലും ഏകദേശം അഞ്ഞൂറ് ഒടിവുകള്‍ എങ്കിലും സംഭവിച്ചു കാണുമെന്നാണ് ഇവര്‍ പറയുന്നത്. ഇതുവരെ പതിനൊന്നു ശസ്ത്രക്രിയകള്‍ ഈ കുഞ്ഞ് ശരീരത്തിൽ നടത്തിക്കഴിഞ്ഞു.

കയ്യിലും കാലിലും മെറ്റല്‍ റോഡുകള്‍ ഇട്ടിട്ടുണ്ട്. പുറത്തു പോയി കളിക്കാനോ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനോ റീക്കോയ്ക്ക് സാധിക്കില്ല. വീട്ടിനുള്ളില്‍ വീഡിയോ ഗെയിം കളിച്ചും ടിവി കണ്ടുമാണ്‌ സമയം തള്ളിനീക്കുന്നത്. ഒരുപക്ഷേ കുറച്ചു കൂടി പ്രായം ആകുമ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കാമെന്നാണു ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്.