രാവിലെ ഉറക്കമുണര്‍ന്നാല്‍ സ്മാര്‍ട്ട്ഫോണിലെ പുതിയ മെസേജുകള്‍ പരിശോധിക്കാതെ നിങ്ങള്‍ക്ക് എത്ര മിനിറ്റ് തള്ളിനീക്കാനാവും. 15 മിനിറ്റോ അതിലും കൂടുതലോ ആണെങ്കില്‍ നിങ്ങള്‍ രാജ്യത്തെ 78 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെക്കാള്‍ വ്യത്യസ്ഥനാണ്. അതാതയത് സമാര്‍ട്ട്ഫോണ്‍ സൌകര്യമുപയോഗിക്കുന്ന യുവാക്കളില്‍ 78 ശതമാനവും ഉറക്കമുണര്‍ന്നാല്‍ 15 മിനിറ്റിനുള്ളില്‍ ഒരു വട്ടമെങ്കിലും ഫോണ്‍ കൈയിലെടുക്കുമത്രെ.

രസകരമായ കണക്കുകള്‍ വേറെയുമുണ്ട്. 28 ശതമാനം ഉപയോക്താക്കളും ദിവസം ശരാശരി 11 തവണ മുതല്‍ 25 തവണ വരെ ഫോണെടുത്ത് നോക്കും. 22 ശതമാനം പേര്‍ക്ക് ഇത് 26 മുതല്‍ 50 തവണ വരെയാണ്. ഈ ചടങ്ങ് അങ്ങനെ കൃതമല്ലാത്ത ഇടവേളകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
പകുതിയിലേറെ പേരും (52 ശതമാനം) പേരും ഉറങ്ങുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് വരെയും ഫോണില്‍ നോക്കിക്കൊണ്ടിരിക്കും.

വാട്ടസ്ആപ്പ് അടക്കമുള്ള ഇന്‍സ്റ്റന്‍റ് മെസേജ് ആപ്ലിക്കേഷനുകളിലേക്കാണ് ഫോണെടുത്താല്‍ ആദ്യം കണ്ണുപോകുന്നത്. പിന്നീട് ഇ-മെയിലുകളും എസ്.എം.എസുകളും വായിക്കും. മിക്കവര്‍ക്കും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ഡേറ്റ വേഗം തീര്‍ന്നുപോകുന്നെന്ന പരാതിയുമുണ്ട്. മൊബൈല്‍കമ്പനികള്‍ക്ക് ഇത് ചാകരയൊരുക്കുന്നുണ്ട്.

കഴിഞ്ഞരണ്ട് വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ വോയിസ് കോളുകളുടെയും എസ്.എം.എസുകളുടെയും ഉപയോഗത്തില്‍ ഏതാണ്ട് 20 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. ഇന്‍സ്റ്റന്‍റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ 10 ശതമാനം വര്‍ദ്ധനവുണ്ട്. വരും വര്‍ഷങ്ങളില്‍ മൊബൈല്‍കോളുകളുടെ ഗുണനിലവാരത്തെക്കാള്‍ ഇന്റര്‍നെറ്റ് സേവനങ്ങളെ സംബന്ധിച്ചായിരിക്കും പരാതികള്‍ ഉയരുകയെന്നും വിദഗ്ദര്‍ പ്രവചിക്കുന്നു.