പുകവലി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി, ക്യാന്‍സറും ഹൃദ്രോഗവും പോലെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ പുകവലി മൂലം ഉണ്ടാകും. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല, അത് ശ്വസിക്കുന്നവര്‍ക്ക് പോലും ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇപ്പോഴിതാ, പുകവലിക്കാരുടെ കാഴ്‌ച നഷ്‌ടപ്പെടാന്‍ അധികം സമയം വേണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ഇന്ത്യയില്‍ കാഴ്‌ച പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാരണങ്ങളില്‍ പത്തിലൊന്ന് പുകവലിയാണെന്നാണ് പ്രമുഖ ഡോക്‌ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പുകവലി കാഴ്‌ച പ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാര്യം 10-20 ശതമാനം പേര്‍ക്കും അറിവുണ്ടാകില്ല. തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ഡ്രൈ ഐ സിന്‍ഡ്രോം തുടങ്ങിയ പ്രശ്‌നങ്ങള്‍ പുകവലി മൂലം ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അതേസമയം പുകവലി മൂലം കാഴ്‌ച നഷ്‌ടമാകുന്നതിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ല. തുടക്കത്തിലേ ഈ അവസ്ഥ കണ്ടെത്താനായാല്‍ ചികില്‍സയിലൂടെ ഭേദമാക്കാനാകും. ദിവസം 10 സിഗരറ്റുകളില്‍ അധികം വലിക്കുന്നവര്‍ക്ക്, കാഴ്‌ച പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണെന്നാണ് മുംബൈയില്‍ പ്രമുഖ ഐ സ്‌പെഷ്യലിസ്റ്റും സെന്റര്‍ ഫോര്‍ സൈറ്റ് എം ഡിയുമായ മഹിപാല്‍ എസ് സച്ച്‌ദേവ് പറയുന്നു. ഈ പ്രശ്‌നം വര്‍ദ്ധിച്ചുവരികയാണ്. പുകവലി ഒഴിവാക്കുക മാത്രമാണ് ഇതിന് ശാശ്വതപരിഹാരമെന്നും ദില്ലിയില്‍ ഒഫ്‌താല്‍മോളജിസ്റ്റായ ഡോ. റിഥ്വി സച്ച്‌ദേവ് പറയുന്നു.

പുകവലി ഒഴിവാക്കുന്നതിനൊപ്പം ശരിയായ ഭക്ഷണക്രമത്തിലൂടെ കണ്ണിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ശീലമാക്കണമെന്നും ഡോക്‌ടര്‍മാരായ സച്ച്‌ദേവ് ദമ്പതികള്‍ നിര്‍ദ്ദേശിക്കുന്നു...