നിങ്ങൾ സ്ഥിരമായി കൂർക്കംവലിക്കാറുണ്ടോ. കൂർക്കംവലി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പലകാരണങ്ങൾ കൊണ്ടാണ് കൂർക്കംവലി ഉണ്ടാകുന്നത്. കൂർക്കംവലിക്ക് പ്രധാനകാരണം അമിതവണ്ണം തന്നെയാണ്.
കൂർക്കംവലി പലർക്കും വലിയ പ്രശ്നമാണ്. ഉറങ്ങാൻ കിടന്നാൽ ഉടനെ കൂർക്കംവലിച്ച് തുടങ്ങുന്നവരാണ് പലരും. കൂർക്കംവലിയും ചികിത്സയും എന്ന വിഷയത്തെ പറ്റി കോട്ടയം കിംസ് ആശുപത്രിയിലെ കണ്‍സള്‍റ്റന്റ് പള്‍മനോളജിസ്‌റ്റായ ഡോ.ജെയ്‌സി തോമസ് സംസാരിക്കുന്നു.
ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസം മൂലമുള്ള ശബ്ദമാണ് കൂർക്കംവലി. സാധാരണഗതിയില്‍ ഉറങ്ങുമ്പോള്‍ വായു മൂക്കിലൂടെയോ വായിലൂടെയോ ഉള്ളിലെത്തി തൊണ്ടവഴി ശ്വാസനാളികള്‍ വഴി ശ്വാസകോശത്തിലെത്തുന്നു. ഈ സഞ്ചാരപാതയില്‍ തടസമൂലമുണ്ടാകുന്ന ശബ്ദത്തെയാണ് കൂര്‍ക്കംവലി എന്ന് പറയുന്നത്.
മൂക്കിലെ തടിപ്പുകള്‍, മൂക്ക് വളഞ്ഞിരിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുക, തൈറോയ്‌ഡ് പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ് കൂർക്കംവലിക്കുള്ള കാരണങ്ങൾ. എന്നാൽ അമിതവണ്ണം തന്നെയാണ് കൂർക്കംവലിക്ക് പ്രധാനകാരണമെന്ന് ഡോ. ജെയ്‌സി തോമസ് പറയുന്നു. മദ്യപാനം, പുകവലി, ലഹരിവസ്‌തുക്കളുടെ ഉപയോഗം എന്നിവയും പുകവലിക്ക് പ്രധാനകാരണങ്ങളാണ്. നീര്‍ക്കെട്ട് ഉണ്ടാകുന്നതും പുകവലിക്ക് കാരണമാകാറുണ്ടെന്നും മുമ്പ് നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉച്ചത്തിലുള്ള കൂർക്കംവലി ഉണ്ടെങ്കില്‍ ഉറപ്പായും ഡോക്ടറിനെ കാണണം. സ്ഥിരമായി കൂര്‍ക്കംവലി ഉണ്ടാകുന്നവര്‍ക്ക് പകല്‍ വല്ലാത്ത ക്ഷീണം, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം, ഉറക്കകുറവ്, തലവേദന, ഓര്‍മ്മക്കുറവ് ഇവയൊക്കെ ഉണ്ടാകാറുണ്ടെന്നും ഡോ. ജെയ്‌സി തോമസ് പറയുന്നു.
കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽ കൂർക്കം വലി കുറയ്ക്കാനാകും. ഉറക്ക ഗുളികകള്‍ ഉപയോഗിക്കുന്നത് കൂർക്കംവലി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ജെയ്‌സി തോമസ് പറയുന്നു. ഈ വിഷയത്തെ പറ്റി കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണുക.

