രക്തസമ്മര്‍ദ്ദം താഴുന്നത് ഒരു പരിധി വരെ കൈകാര്യം ചെയ്യാം. ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായാല്‍ വീട്ടിലുള്ള ചികിത്സകള്‍ പയറ്റരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്

പല കാരണങ്ങള്‍ കൊണ്ടുമാകാം ബ്ലഡ് പ്രഷറില്‍ (രക്തസമ്മര്‍ദ്ദം) മാറ്റം വരുന്നത്. നേരത്തേ ബി.പിക്ക് മരുന്ന് കഴിക്കുന്നവര്‍ അല്ലാത്തവര്‍ക്ക് പോലും പല സന്ദര്‍ഭങ്ങളിലും ബി.പിയില്‍ വ്യതിയാനം സംഭവിച്ചേക്കാം. പെട്ടെന്നുള്ള ഞെട്ടിക്കുന്ന സംഭവങ്ങളോ, താങ്ങാനാകാത്ത വാര്‍ത്തകളോ ഒക്കെ ഇതിന് കാരണമാകും.

ബിപി താഴ്ന്നാല്‍...

ബ്ലഡ് പ്രഷര്‍ താഴുന്നത് പ്രധാനമായും ഭക്ഷണമില്ലായ്മയോ വെള്ളമില്ലായ്മയോ തളര്‍ച്ചയോ ഒക്കെ മൂലമാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപ്പിട്ട വെള്ളം കൊടുക്കുകയോ, ഉപ്പിട്ട നാരങ്ങവെള്ളം കൊടുക്കുകയോ ആവാം. പിന്നീടും തളര്‍ച്ച തോന്നുന്നുണ്ടെങ്കില്‍ ചൂടുള്ള ഭക്ഷണം കഴിച്ചുനോക്കാം. താഴ്ന്ന രക്തസമ്മര്‍ദ്ദം ഇത്തരത്തില്‍ ഒരു പരിധി വരെ കൈകാര്യം ചെയ്യാം. എന്നാല്‍ ഈ മാര്‍ഗങ്ങളെല്ലാം പയറ്റിയ ശേഷവും ബി.പി പൂര്‍വ്വസ്ഥിതിയിലായില്ലെങ്കില്‍ തീര്‍ച്ചയായും മരുന്നോ ഡോക്ടറുടെ നിര്‍ദേശങ്ങളോ തേടുക തന്നെ വേണം. 

ബി.പി ഉയര്‍ന്നാല്‍...

ബി.പി ഉയര്‍ന്നാല്‍ വീട്ടിലുള്ള ഒരു ചികിത്സകളും നല്‍കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കൃത്യമായി മരുന്ന് നല്‍കുക തന്നെ വേണം. പക്ഷേ ഓരോ വ്യക്തിക്കും ഓരോ രീതിയിലുള്ളതും, ഓരോ ഡോസിലുള്ളതുമായ മരുന്നുകളുമാണ് സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ നല്‍കാറ്. Amlodipine, Losar തുടങ്ങിയ മരുന്നുകളാണ് പൊതുവേ നല്‍കാറ്. എന്നാല്‍ പ്രത്യേക നിര്‍ദേശങ്ങളില്ലാതെ ഇവയൊന്നും നല്‍കാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നത്.

ബി.പി ഉയര്‍ന്നാല്‍ ചില സാഹചര്യങ്ങളില്‍ അത് തലച്ചോറിനെ ബാധിക്കാനും മസ്തിഷ്‌കാഘാതത്തിനും കാരണമായേക്കും. പ്രമേഹം കൂടിയുള്ളവരാണെങ്കില്‍ ഇതിനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ ബി.പി ഉയരുന്ന സന്ദര്‍ഭമാണെങ്കില്‍ ഒന്നുകില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് ഏതെന്ന് അന്വേഷിച്ച് അത് വരുത്തി കഴിപ്പിക്കാം. അല്ലാത്തപക്ഷം ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പ് വരുത്തിയേ തീരൂ.