ലണ്ടന്‍: ബുദ്ധി കൂടുതലുള്ളവര്‍ വൈകി ഉറങ്ങുന്നവരാണ് എന്ന് പുതിയ പഠനം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍സ് പൊളിറ്റിക്കല്‍ സയന്‍സില്‍ നടത്തിയ പഠനമാണ് ഇത്തരത്തില്‍ ഒരു കാര്യം പറയുന്നത്. ഐക്യൂ നില കൂടിയതും കുറഞ്ഞതുമായ വ്യക്തികള്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഐക്യൂ നില കൂടി വ്യക്തികളില്‍ എല്ലാം തന്നെ പൊതുവില്‍ ഒരേ സ്വഭാവമാണെന്ന് പറയുന്നത്.

വിവിധ വിഭാഗക്കാരുടെ പ്രവര്‍ത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉറങ്ങുന്ന സമയമാണ് പഠനത്തിന് അടിസ്ഥാനമാക്കി എടുത്തത്. എല്ലാവരും ഉറങ്ങുമ്പോള്‍ ഐക്യൂ ഉണര്‍ന്നിരിക്കും. എല്ലാവരും ഉണര്‍ന്നിരിക്കുമ്പോള്‍ ഐക്യൂ കൂടുതലുള്ളവര്‍ ഉറങ്ങുകയും ചെയ്യും. പഠനത്തില്‍ പുറത്തുവന്ന കൗതുകകരമായ വസ്തുത ഇതാണ്.

75ല്‍ കുറഞ്ഞവരെയാണ് കുറഞ്ഞ ഐക്യു ഉള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ശരാശരി രാത്രി 11.41ന് ഉറങ്ങും. രാവിലെ 7.20ന് ഉറക്കം എഴുന്നേല്‍ക്കും. അവധി ദിവസങ്ങളില്‍ ആണെങ്കില്‍ ഉറങ്ങാന്‍ കിടക്കുന്നത് കുറച്ചുകൂടി വൈകും. 12.35നാണ് ശരാശരി ഉറങ്ങുന്ന സമയം. എഴുന്നേല്‍ക്കുന്നതാകട്ടെ രാവിലെ 10.09നും.

90 മുതല്‍ 110 വരെ ഐക്യു ഉള്ളവരെയാണ് സാധാരണ ഐക്യു ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. സാധാരണ ഐക്യു ഉള്ളവരില്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയം കുറച്ചുകൂടി വൈകും. പ്രവര്‍ത്തി ദിനങ്ങളില്‍ ഇത് രാത്ര 12.10 ആണ് സമയം. എഴുന്നേല്‍ക്കുന്നതാകട്ടെ 7.32നും. അവധി ദിനങ്ങളില്‍ ഉറങ്ങുന്ന ശരാശരി സമയം രാത്രി 1.13ഉം എഴുന്നേല്‍ക്കുന്നത് രാവിലെ 10.14നും ആയിരിക്കും.

125ന് മുകളില്‍ ഐക്യു ഉള്ളവരെയാണ് മികച്ചവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ പ്രവര്‍ത്തി ദിനങ്ങളില്‍ ഉറങ്ങുന്ന ശരാശരി സമയം രാത്രി 12.29ന് ആണ്. കിടക്കവിട്ട് എഴുന്നേല്‍ക്കുന്നത് മറ്റുള്ളവരെക്കാള്‍ വൈകിയും. രാവിലെ 7.52 ആണ് ശരാശരി സമയം. അവധി ദിനങ്ങള്‍ ആണെങ്കില്‍ ഉറങ്ങുന്ന സമയം ഇനിയും ഏറെനീളും. രാത്രി 1.44ന് ഉറങ്ങുന്ന യുവത്വം ഉറക്കം എഴുന്നേല്‍ക്കുന്നത് ഉച്ചയോടെയാണ്. 11.07 ആണ് ശരാശരി കിടക്ക വിട്ട് എഴുന്നേല്‍ക്കുന്ന സമയം. പഠന റിപ്പോര്‍ട്ട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിന്റെ സ്റ്റഡി മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്.