പാശ്ചാത്യ രാജ്യങ്ങളിലെ പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് പകുതിയായതായി പഠനറിപ്പോര്‍ട്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായാണ് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് അമ്പത് ശതമാനത്തിലധികം കുറഞ്ഞത്. ഈ രാജ്യങ്ങളില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ കൂടിവരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഈ വിഷയത്തില്‍ നടന്ന വിവിധ പഠനങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഹീബ്രു സര്‍വ്വകലാശാലയിലെ പഠനസംഘം എത്തിച്ചേര്‍ന്നത്. ഞെട്ടിപ്പിക്കുന്ന വിവരമാണ് പഠനറിപ്പോര്‍ട്ടിലുള്ളത്. പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയുന്ന പ്രശ്‌നം മാത്രമല്ല, ഉള്ള ബീജത്തിന്റെ ഗുണനിലവാരവും ചലനശേഷിയും കുറഞ്ഞുവരുന്നതായും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ പോയാല്‍, അധികംവൈകാതെ തന്നെ ലോകത്തെ ജനനനിരക്ക് ഏറെ കുറയുമെന്നും പഠനസംഘം മുന്നറിയിപ്പ് നല്‍കുന്നു. ജീവിതശൈലിയും തെറ്റായ ഭക്ഷണശീലവും അന്തരീക്ഷ മലിനീകരണവും താപനില ഉയരുന്നതുമൊക്കെ പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയുന്നതന് കാരണമാകുന്നു. ഏതായാലും ഇങ്ങനെ പോയാല്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ ഗുരുതരമായി മാറുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. വന്ധ്യതാചികില്‍സാമേഖലയ്‌ക്കും പുതിയ പഠനറിപ്പോര്‍ട്ട് ആശങ്കാജനകമായ സ്ഥിതിയാണ് ഉണ്ടാക്കുന്നത്. പാശ്ചാത്യനാടുകളിലേത് പോലെ ഇല്ലെങ്കിലും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയുന്നതായി ചില പഠനങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.