'ഹെപ്പറ്റോളജി' എന്ന മെഡിക്കല്‍ പ്രസിദ്ധീകരണത്തിലാണ് ഗവേഷണം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം കരളിലെ വെളുത്ത രക്താണുക്കളെ എളുപ്പത്തില്‍ ബാധിക്കുന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നതെന്നും ഇവര്‍ കണ്ടെത്തി

കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോള്‍ മിക്കവര്‍ക്കും എപ്പോഴും ഉള്ളിലുണ്ടാകുന്ന ആശങ്ക 'കൊളസ്‌ട്രോള്‍' പിടിപെടുമോ എന്നായിരിക്കും. 'കൊളസ്‌ട്രോള്‍' ഉണ്ടെന്ന് കണ്ടെത്തിയാലോ? പിന്നെ മര്യാദയ്ക്ക് വല്ല നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കഴിക്കാനൊക്കുമോ! എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊന്നും ഓര്‍ത്തല്ല ആശങ്കപ്പെടേണ്ടതെന്നാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കൂട്ടം യുവഗവേഷകര്‍ പറയുന്നത്. 

കൊഴുപ്പുള്ള ഭക്ഷണം അമിതമായി കഴിച്ചാല്‍ 'കൊളസ്‌ട്രോള്‍' മാത്രമല്ല പിടിപെടുകയെന്നാണ് കെക്ക് സ്‌ക്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഈ ഗവേഷകസംഘം പറയുന്നത്. കൊഴുപ്പ് അമിതമായി എത്തുന്നതോടെ ആദ്യം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ തകരാറിലാകുമെന്നും ഇത് പിന്നീട് 'ഫാറ്റി ലിവര്‍' രോഗത്തിന് കാരണമാകുമെന്നും, ഈ 'ഫാറ്റി ലിവര്‍' ക്രമേണ ലിവര്‍ സിറോസിസ്, അല്ലെങ്കില്‍ 'ലിവര്‍ ക്യാന്‍സര്‍' ആയി മാറും എന്നുമാണ് ഇവരുടെ കണ്ടെത്തല്‍. 

ഈ സാധ്യതകളെല്ലാം ശാരീരിക സവിശേഷതകള്‍ അനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കുമത്രേ. അമിതവണ്ണമുള്ളവരിലും ടൈപ്പ് 2 പ്രമേഹം ഉള്ളവരിലും മേല്‍ പറഞ്ഞ രോഗങ്ങളിലേക്ക് എത്താനുള്ള സാധ്യതകള്‍ കൂടുതലാണത്രേ. അതിനാല്‍ വണ്ണമുള്ളവരാണെങ്കില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു കരുതല്‍ എടുത്തേ മതിയാകൂവെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. 

'കൊളസ്‌ട്രോള്‍' മൂലമുണ്ടാകുന്നത് 'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' ആണ്. സാധാരണഗതിയില്‍ അമിതമദ്യപാനം മൂലമാണ് 'ഫാറ്റി ലിവര്‍' ഉണ്ടാകാറ്. ഇതിനുള്ള ചികിത്സയും ലഭ്യമാണ്. എന്നാല്‍ 'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' പിടിപെടുന്നത് എന്തുകൊണ്ടെല്ലാം എന്ന് ഇതുവരെ കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ തന്നെ ഇതിനുള്ള ചികിത്സ പരിമിതമായാണ് തുടരുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

'ഹെപ്പറ്റോളജി' എന്ന മെഡിക്കല്‍ പ്രസിദ്ധീകരണത്തിലാണ് ഗവേഷണം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം കരളിലെ വെളുത്ത രക്താണുക്കളെ എളുപ്പത്തില്‍ ബാധിക്കുന്നതോടെയാണ് കരള്‍ രോഗങ്ങള്‍ക്ക് തുടക്കമാകുന്നതെന്നും ഇവര്‍ കണ്ടെത്തി.