'ഹാര്‍വാര്‍ഡ് റിവ്യൂ ഓഫ് സൈക്യാട്രി' നടത്തിയ പഠനത്തിന്‍റെ കണ്ടെത്തലുകള്‍

വിഷാദമോ ഉത്കണ്ഠയോ ഉള്ളവര്‍ ചികിത്സയായി ആദ്യഘട്ടത്തില്‍ കൗണ്‍സിലിംഗാണ് തെരഞ്ഞെടുക്കാറ്. കൗണ്‍സിലിംഗ് തന്നെ വിവിധ ഘട്ടങ്ങളുണ്ട്. എന്നാല്‍ കൗണ്‍സിലിംഗ് കൊണ്ട് ഭേദപ്പെടാത്തവര്‍ വീണ്ടും ചികിത്സ തുടരുന്നത് ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ സമീപിച്ചായിരിക്കും. മരുന്നോ ഗുളികയോ കൂട്ടത്തില്‍ കൗണ്‍സിലിംഗോ ആയിരിക്കും സൈക്യാട്രിസ്റ്റ് നിര്‍ദേശിക്കുന്ന ചികിത്സ.

മാനസികമായ ഒരു പ്രശ്‌നം മാത്രമായാണ് വിഷാദവും ഉത്കണ്ഠയും പൊതുവില്‍ പരിഗണിക്കപ്പെടുന്നത് എന്നതിന്റെ ഉദാഹരണമാണ് സാധാരണയായി പിന്തുടരുന്ന ഈ ചികിത്സാ രീതികള്‍. എന്നാല്‍ മാനസികമായ പല വിഷമതകളും ക്രമേണ ശരീരത്തെ ബാധിക്കുമെന്ന് അറിവുള്ള ഡോക്ടര്‍മാര്‍ തന്നെ ഉപദേശിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?

'ഹാര്‍വാര്‍ഡ് റിവ്യൂ ഓഫ് സൈക്യാട്രി' നടത്തിയ പഠനത്തില്‍ വിഷാദമോ ഉത്കണ്ഠയോ ഉള്ളവരില്‍ മൂന്നില്‍ ഒരു ഭാഗം ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. അതായത് ഹൃദയ സ്തംഭനമോ ഹൃദയവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും തരത്തിലുള്ള അസുഖമോ ഉള്ള പലരിലും വിഷാദമുള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ധര്‍ പറയുന്നത്.

ഹൃദയത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുമായെത്തുന്നവരില്‍ ഇത്തരം മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് തിരിച്ചറിയാനും , മറിച്ച് മാനസിക വിഷമതകളുമായി എത്തുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടോയെന്ന് തിരിച്ചറിയാനും ഡോക്ടര്‍മാര്‍ ഏറെ ബുദ്ധിമുട്ടാറുണ്ടെന്നാണ് ഈ മേഖലയില്‍ പഠനം നടത്തിയവര്‍ പറയുന്നത്.

മാത്രമല്ല, ശാരീരികമായി അസുഖ ബാധിതരാണെന്ന് തിരിച്ചറിഞ്ഞവര്‍ തുടര്‍ന്നുള്ള ചികിത്സ, ചികിത്സയ്ക്ക് വേണ്ടി ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍, വ്യായാമം തുടങ്ങിയ ഘടകങ്ങള്‍ കൊണ്ടും നിരാശരായേക്കാം. 

വര്‍ഷങ്ങളായി നിരാശയും ഹൃദയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ നിഗമനങ്ങളിലെത്താന്‍ കഴിയാറില്ല. അതേസമയം 'ഹാര്‍വാര്‍ഡ് റിവ്യൂ ഓഫ് സൈക്യാട്രി'യുടെ സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊരു ഭാഗം ആളുകളും ഹൃദ്രോഗികളും നിരാശയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരും തന്നെയായിരുന്നു. 19 ശതമാനം ആളുകള്‍ നിരാശയുണ്ടെന്ന് പരിശോധനകളിലൂടെ തെളിയിച്ചിട്ടില്ലാത്തവരായിരുന്നു. 

നേരിയ വിഷാദമുള്ള ആരോഗ്യവാനായ ഒരാള്‍ക്ക് പോലും ഹൃദ്രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും പഠനം തെളിയിക്കുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നും ഫലപ്രദമായ പരിഹാരങ്ങള്‍ക്ക് അത്തരം പഠനങ്ങള്‍ സഹായകമാകുമെന്നു കൂടി റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.