ആരെയും ആശ്രയിക്കാതെ ജിവിക്കാനുള്ള കഴിവ് ഈ കുഞ്ഞുങ്ങള്‍ക്ക് കൂടുതലായിരിക്കും ക്രമേണ മാനസികമായ അനാഥത്വത്തിലേക്ക് എത്തിപ്പെടാന്‍ സാധ്യത

മൂന്ന് മക്കളില്‍ രണ്ടാമതായി ജനിക്കുന്നവരെല്ലാം പൊതുവേ പരാതി പറയാറുണ്ട്. ആവശ്യത്തിന് ശ്രദ്ധയും കരുതലും കിട്ടുന്നില്ലെന്നായിരിക്കും പ്രധാന പരാതി. മൂത്ത കുഞ്ഞിന് ആദ്യ കുഞ്ഞെന്ന പരിഗണന കിട്ടും. മൂന്നാമത്തെ കുഞ്ഞിന് ഇളയ കുഞ്ഞെന്ന പരിഗണനയും. ഇതിനിടയില്‍ വേണ്ട പോലെ ശ്രദ്ധിക്കപ്പെടാതെയായിരിക്കും രണ്ടാമത്തെ കുട്ടിയുടെ വളര്‍ച്ച.

വ്യാപകമായ ഈ പരാതി വെറുതെയല്ലെന്നാണ് ഒരു അമേരിക്കന്‍ മാഗസിന്‍ നടത്തിയ പഠനം പറയുന്നത്. രണ്ടാമത്തെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ലെന്ന് മാതാപിതാക്കളും തിരിച്ചറിയുന്നുണ്ടത്രേ. ഇതോടെ അമേരിക്കയില്‍ മൂന്ന് കുഞ്ഞുങ്ങളെന്ന സങ്കല്‍പം തന്നെ ഇല്ലാതാവുകയാണെന്നും പഠനം സൂചിപ്പിക്കുന്നു. 

ഇതിന് തെളിവായി 1976 ല്‍ നടന്ന മറ്റൊരു പഠനത്തെ കുറിച്ച് ന്യൂയോര്‍ക്ക് മാഗസിന്‍ എഡിറ്റര്‍ ആഡം സ്‌റ്റേണ്‍ബര്‍ഗ് പറയുന്നു. 'അമേരിക്കയില്‍ നാല്‍പതിനും നാല്‍പത്തിനാലിനും ഇടയിലുള്ള സ്ത്രീകളില്‍ നാല്‍പത് ശതമാനും പേര്‍ക്കും മൂന്നോ നാലോ കുട്ടികളാണുള്ളത്, അതില്‍ തന്നെ 25 ശതമാനം പേര്‍ക്ക് മൂന്ന് കുഞ്ഞുങ്ങളാണുള്ളത്. എന്നാല്‍ നിലവില്‍ ഈ കണക്ക് മാറിയിരിക്കുന്നു. രണ്ട് കുഞ്ഞുങ്ങളിലൊതുങ്ങാനാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.'

അമേരിക്കയിലെ ഈ തരംഗത്തിന് പിന്നിലെ മനഃശ്ശാസ്ത്രം രണ്ടാമത്തെ കുഞ്ഞിനുണ്ടാകുന്ന മാനസിക വിഷമതകളാണെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. 

എന്നാല്‍ ഇന്ത്യയിലെ കഥ വേറെയാണ്. കുട്ടികളുടെ മനഃശ്ശാസ്ത്രം മനസ്സിലാക്കാതെയും ഇന്ത്യയിലെ മാതാപിതാക്കള്‍ ട്രാക്കില്‍ തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത്, 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പകുതി കുടുംബങ്ങളും രണ്ട് മക്കളില്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ്. കൃത്യമായി പറഞ്ഞാല്‍ 54% സ്ത്രീകളും പരമാവധി രണ്ട് കുഞ്ഞുങ്ങള്‍ എന്ന നിലപാടാണ് എടുത്തത്. ഇന്ത്യയില്‍ കണക്കുകള്‍ ഇത്തരത്തിലാകാനുള്ള ഏകകാരണം ജീവിതച്ചെലവുകളാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ അല്‍പം കൂടി ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതില്ലേ? രണ്ടാമതായി ജനിക്കുന്നതോടെ വേണ്ടത്ര പരിഗണന കിട്ടാതാവുകയും കുടുംബത്തില്‍ നിന്ന് കുട്ടി ഏറെക്കുറേ വിട്ടുപോയത് പോലെയാകുന്നുവെന്നും പഠനം തെളിയിക്കുന്നു. ആരെയും ആശ്രയിക്കാതെ കഴിയാനും, ജീവിത വിജയം നേടാനുമൊക്കെ മറ്റ് കുഞ്ഞുങ്ങളെക്കാള്‍ ഇവര്‍ക്കാവും. എന്നാല്‍ കരുതല്‍ കിട്ടാതാകുമ്പോഴുള്ള അനാഥത്വം ക്രമേണ മാനസികമായ ഒറ്റപ്പെടലിലേക്ക് എത്തിച്ചേക്കാം. 

മനഃപ്പൂര്‍വ്വം കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഗണിക്കാമെന്ന് സൈക്കോളജിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെ ചെറിയ പ്രായത്തിലും കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ ചിന്തകളും നിഗമനങ്ങളും കാണും, ഇതിനെ മികച്ച രീതിയില്‍ സ്വാധീനിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുമെന്ന കാര്യം മറക്കരുതെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.