പായസം എന്നു കേട്ടാല്‍ത്തന്നെ നാവില്‍ വെള്ളമൂറും. പായസത്തിന്റെ പലതരം വകഭേദം നമ്മുടെ നാട്ടിലുണ്ട്. സേമിയ, അടപ്രഥമന്‍, കടലപ്പായസം, പാല്‍പ്പായസം അങ്ങനെ പലതരം. ഇതൊന്നുമല്ലാത്ത, തികച്ചും പുതിയൊരു പായസമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മധുരകിഴങ്ങ്, ഈന്തപ്പഴം, പാല്‍ എന്നിവ പ്രധാന ചേരുവയായ മധുരകിഴങ്ങു ഈന്തപ്പഴം പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

ചേരുവകള്‍

മധുരക്കിഴങ്ങ്- വലുതാണേല്‍ ഒന്ന്, ചെറിയതാണെങ്കില്‍ നാല്
ഈന്തപ്പഴം- 10(കുരു കളഞ്ഞ് ചെറുതാക്കി വയ്ക്കുക)
പാല്‍- മൂന്നോ നാലോ കപ്പ്(തിളപ്പിച്ച് വച്ചിരിക്കുക. ആവശ്യാനുസരണം ചേര്‍ക്കാം)
മികസ്‌ഡ് ഡ്രൈ ഫ്രൂട്ട്സ്- ആവശ്യാനുസരണം
ഏലയ്‌ക്ക- ആവശ്യത്തിന്
പഞ്ചസാര - ആവശ്യത്തിന്
നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

ആദ്യം മധുരകിഴങ്ങ് തോല്‍ കളഞ്ഞ് വൃത്തിയാക്കുക. ചെറുതായി ചെത്തിക്കളയുന്നതാവും നല്ലത്. മണ്ണെല്ലാം നന്നായി കളഞ്ഞ് കഴുകി ചെറിയ ചതുരാകൃതിയില്‍ മുറിച്ചെടുത്ത് വെള്ളത്തില്‍ ഇടുക(കറുത്ത് പോവാതിരിക്കാനാണ് വെള്ളത്തില്‍ ഇടുന്നത്). അതിനുശേഷം അത് വേവിച്ച് വെള്ളം വാര്‍ന്ന് വെയ്‌ക്കുക.

പായസം വയ്ക്കാനുള്ള പാത്രത്തില്‍, നെയ്യ് ചൂടാക്കി, കശുവണ്ട്പ്പരിപ്പ്, കിസ്‌മസ് ഇവ വറുത്ത് മാറ്റി അതില്‍ ഈന്തപ്പഴം വരട്ടിയെടുക്കുക.

ഇനി ആ പാത്രത്തിലേയ്ക്ക് ആവശ്യത്തിനുള്ള പാല്‍ ഒഴിച്ച് തിളച്ചാല്‍ അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് പഞ്ചസാര ചേര്‍ക്കാം(ഈന്തപ്പഴത്തിന്റെ മധുരം കൂടി കണക്കിലെടുത്ത് വേണം പഞ്ചസാര ചേര്‍ക്കാന്‍).

ഇനി വേവിച്ച് വച്ച മധുരക്കിഴങ്ങും ഈന്തപ്പഴവും ഒന്നിച്ചെടുത്ത് നന്നായി ഇളക്കുക. തീ കുറച്ച് ഇടയ്ക്ക് ഇളക്കണം. ഇത് നന്നായി കുറുകി കട്ടി ആയാല്‍ ഏലയ്ക്കാ പൊടിച്ചതും, നെയ്യില്‍ വറുത്ത ഡ്രൈ ഫ്രൂട്ട്സും ചേര്‍ത്ത് ഇറക്കി വയ്ക്കാം. 

മധുരക്കിഴങ്ങ് പായസം സാധാരണയായി പലരും തയ്യാറാക്കാറുണ്ടെങ്കിലും ഈന്തപ്പഴം ചേര്‍ത്തപ്പോള്‍ പ്രഥമന്റേത് പോലെ രുചിയേറിയ വിഭവമായി ഇത് മാറുന്നുണ്ട്...

തയ്യാറാക്കിയത്- ദീപ പാര്‍വ്വതി ശങ്കര്‍

കടപ്പാട്- ഫുഡ് ഓണ്‍ സ്‌ട്രീറ്റ്‌സ് ഫേസ്ബുക്ക് കൂട്ടായ്‌മ