കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം

വയനാട്: വയനാട്ടിൽ ഒരാൾക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ വനത്തിനുള്ളിൽ പോകുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. 

എന്താണ് കുരുങ്ങുപനി?

കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം.

പ്രധാന ലക്ഷണങ്ങള്‍

1. ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി

2. തലകറക്കം

3. ഛര്‍ദ്ദി 

4. കടുത്ത ക്ഷീണം

5. രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം

6. ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍ 

ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഒരു ഡോക്ടറെ കാണണം.