ഇന്ന് ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവരികയാണ്. ജീവിതശൈലി രോഗങ്ങളുടെ ആധിക്യവും പുതിയ രോഗങ്ങളുടെ കടന്നുവരവുമാണ് ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് അസുഖങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നത്. എന്നാല്‍ ജീവിതശൈലിക്കൊപ്പം ഭക്ഷണശീലത്തിലും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിയാല്‍, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാം. അത്തരത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
1, ഇലക്കറികള്‍-
കുട്ടിക്കാലം മുതല്‍ക്കേ ഇലക്കറികള്‍ ശീലമാക്കുക. ചീര, മുരിങ്ങ, മത്തന്‍ എന്നിവയുടെ ഇല തോരന്‍ വെയ്‌ക്കുന്നതാണ് ഉത്തമം. ഇലക്കറികളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ അനായാസമാക്കും. അതുപോലെ തന്നെ കുടലിലെ ക്യാന്‍സര്‍ ചെറുക്കുകയും കൊളസ്‌ട്രോള്‍ കുറയ്‌ക്കുകയും ചെയ്യും.
2, പയറുവര്‍ഗങ്ങള്‍-
ധാരാളം മാംസ്യം അടങ്ങിയിട്ടുള്ളവയാണ് പയറുവര്‍ഗങ്ങള്‍. നാരുകള്‍, വിറ്റാമിന്‍ ബി, ഇരുമ്പ്, പൊട്ടാസ്യം എന്നിവയും ധാരാളമായി പയറുവര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ചെറുപയര്‍, വന്‍പയര്‍, ചുവന്നപയറ്, കറുത്ത ബീന്‍സ് എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട പയര്‍വര്‍ഗ ഭക്ഷണങ്ങള്‍.
3, ഓര്‍ഗാനിക് ഭക്ഷണം-
വിഷരഹിത പച്ചക്കറി ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. അന്യ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പച്ചക്കറികളില്‍ വലിയതോതില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് മാരകമായ ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. ഓര്‍ഗാനിക് പച്ചക്കറികള്‍ ശീലമാക്കിയാല്‍ നന്നായിരിക്കും. വീട്ടില്‍ കൃഷി ചെയ്യാന്‍ സാഹചര്യമുണ്ടെങ്കില്‍ പച്ചക്കറി വിളയിപ്പിച്ചെടുക്കുക.
4, മധുരക്കിഴങ്ങ്-
ആയുസ് വര്‍ദ്ദിപ്പിക്കുന്നതില്‍ ഏറെ പ്രാധാന്യമുള്ള ഭക്ഷ്യവിഭവമാണ് മധുരക്കിഴങ്ങ്. രക്തക്കുഴലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങള്‍ മധുരക്കിഴങ്ങിലുണ്ട്.
5, മല്‍സ്യം-
ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള മല്‍സ്യം ശീലമാക്കുക. ആഴ്‌ചയില്‍ കുറഞ്ഞത് നാലു ദിവസമെങ്കിലും മല്‍സ്യം കഴിക്കണം. മത്തി(തെക്കന്‍ കേരളത്തിലെ നെയ് ചാള), അയല, ചൂര എന്നീ മല്‍സ്യങ്ങളിലാണ് ധാരാളമായി ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത്. ഇത്തരം മല്‍സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന് ആവശ്യമുള്ള നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ ഇത് സഹായിക്കും.
6, ഗ്രീന്‍ ടീ-
ഏറെ ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ ചെറുക്കുകയും, ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
7, വെളുത്തുള്ളി
കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്ന ഉത്തമമായ ഭക്ഷ്യവസ്‌തുവാണ് വെളുത്തുള്ളി. പലതരം ക്യാന്‍സറുകളെ ചെറുക്കാനും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളൊക്കെ പ്രധാനമായും ഹൃദ്‌രോഗത്തെയും ക്യാന്‍സറിനെയും ചെറുക്കുന്നവയാണ്. ഇക്കാലത്തെ മരണങ്ങളിലേറെയും ഹൃദ്‌രോഗവും ക്യാന്‍സറും മൂലമാണ്. അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞിട്ടുള്ള ഭക്ഷണശീലം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും പ്രധാനമാണ്.
