Asianet News MalayalamAsianet News Malayalam

ഇദ്ദേഹമാണ് "ദ ഗ്രേറ്റ് ഫാദര്‍"

The great father Idris
Author
First Published May 11, 2017, 9:55 AM IST

ഞാന്‍ ചെയ്യുന്ന ജോലി എന്താണെന്ന് മക്കളോട് ഒരിക്കല്‍ പോലും പറഞ്ഞിരുന്നില്ല. ഞാന്‍ കാരണം അവര്‍ ഒരിക്കലും ആരുടേയും മുമ്പില്‍  നാണംകെടരുത് എന്ന് എനിക്കു നിര്‍ബന്ധം ഉണ്ടായിരുന്നു. ദിവസ വേതനത്തിന് ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യുന്ന ജോലി ചെയ്യുന്ന ഒരു അച്ഛന്‍റെ വാക്കുകളാണ് ഇത്. ഇദ്രിസ് എന്ന് പരിചയപ്പെടുത്തുന്ന ഇദ്ദേഹത്തിന്‍റെ കഥ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലോകം അറിഞ്ഞത്.ഫോട്ടോ ജേര്‍ണലിസ്റ്റായ ജി എം ബി ആകാശാണ് ഈ അച്ഛന്റെ കഥ പുറംലോകത്ത് എത്തിച്ചത്. കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്ത ഈ ഫേസ്ബുക്ക് പോസ്റ്റിന് 4 ലക്ഷത്തോളം ലൈക്കും, ഒന്നരലക്ഷത്തോളം ഷെയറും ലഭിച്ചിട്ടുണ്ട്.

താന്‍ ചെയ്ത ജോലി എന്താണ് എന്നു മക്കള്‍ പോലും അറിയരുതെന്ന് ഈ പിതാവ് ആഗ്രഹിച്ചു. അത് അവര്‍ക്ക് ഒരു നാണക്കേടാകുമോ എന്നതായിരുന്നു ഈ പിതാവിന്റെ ഭയം.  മാത്രമല്ല തന്റെ ജോലി എന്താണെന്ന് അറിയുന്നതു മക്കളെ വേദനിപ്പിക്കുമെന്നും ഈ അച്ഛന്‍ ചിന്തിച്ചിരുന്നു. ജോലി ചെയ്ത പണം ഉപയോഗിച്ച് അദ്ദേഹം മക്കള്‍ക്ക് പുസ്തകം വാങ്ങി. എന്നാല്‍ ഒരിക്കലും ഒരു ഷര്‍ട്ട് വാങ്ങിയില്ല.  

ഒരിക്കല്‍ മകള്‍ക്ക് കോളെജ് ഫീസ് കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ താന്‍ എന്ത് ജോലി ചെയ്യുന്നു എന്നത് സംബന്ധിച്ച് മകളോട് പറഞ്ഞതായി ഇദ്രിസ് പറയുന്നു. ആകെ തകര്‍ന്ന ദിവസമായിരുന്നു അത്. ആ സമയം കൂടെ ജോലി ചെയ്തിരുന്നവര്‍ സഹായിച്ച അനുഭവും ഇദ്രിസ് ആകാശുമായി പങ്കുവെച്ചു. 

എന്ത് ചെയ്യണമെന്നറിയാതെ ദു:ഖിച്ചിരിക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്നവര്‍ ഐദ്രിസിന് സമീപമെത്തി. തങ്ങളെ സഹോദരങ്ങളായി കാണണമെന്ന് പറഞ്ഞുകൊണ്ട് ആ ദിവസത്തെ വേതനം അവര്‍ ഇദ്രിസിന്റെ കൈയില്‍വെച്ചുകൊടുത്തു, തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു, വേണമെന്നുണ്ടെങ്കില്‍ ഈ ദിവസം നമുക്ക് പട്ടിണി കിടക്കാം, പക്ഷേ നമ്മുടെ പെണ്‍മക്കള്‍ കോളെജില്‍ പോകാതിരിക്കരുത്. 

ആ ദിവസം താന്‍ കുളിച്ചില്ലെന്നും ക്ലീനറായിട്ടാണ് വീട്ടില്‍ എത്തിയതെന്നും ഇദ്രിസ് പറയുന്നു. മൂത്ത മകളുടെ യൂണിവേഴ്‌സിറ്റി പഠനം അവസാനിക്കാറായി. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും നോക്കുന്നു. കൂടാതെ ട്യൂഷനും എടുക്കുന്നുണ്ട്. മറ്റ് രണ്ട് പെണ്‍കുട്ടികളും ട്യൂഷനെടുക്കുന്നുണ്ടെന്നും ഇദ്രിസ് പറയുന്നു. 

പിന്നീട് തനിക്കൊപ്പം മകള്‍ താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തി സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കി. ഇന്ന് തനിക്ക് തോന്നുന്നുണ്ട് താന്‍ ദരിദ്രനല്ല എന്ന്. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന മക്കള്‍ ഉണ്ടെങ്കില്‍ താനെങ്ങനെ ദരിദ്രനാകുമെന്നും ഇദ്രിസ് ചോദിക്കുന്നു.

Follow Us:
Download App:
  • android
  • ios