പല ഗുരുതര രോഗങ്ങളും പകരുന്നത് അമിതമായ കൊതുകുകടി കൊള്ളുമ്പോഴാണ്. ഏതെല്ലാം ഘടകങ്ങളായിരിക്കും കൊതുകുകളെ നമ്മളിലേക്ക് ആകർഷിക്കുന്നത്?

പല തരത്തിലുള്ള അസുഖങ്ങളാണ് കൊതുകുകള്‍ പരത്തുന്നത്. വിവിധ പനികള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ അസുഖങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു. കൊതുകുകളിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്താവുന്നതാണ്. എന്നാല്‍ അതിന് മുമ്പായി എന്തുകൊണ്ടാണ് കൊതുകുകള്‍ ചിലരെ മാത്രം തെരഞ്ഞെടുത്ത് ആക്രമിക്കുന്നതെന്നറിയാം. 

1. വലിയ ശരീരമുള്ളവരാണെങ്കില്‍...

ശരീരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നവരെയാണ് കൊതുകുകള്‍ കൂടുതലും ആക്രമിക്കാറ്. വലിയ ശരീരമുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂടുതലായിരിക്കും. 

2. ഗര്‍ഭിണികളേയും ഇഷ്ടം

ഗര്‍ഭിണികളായ സത്രീകളേയും കൊതുകുകള്‍ തെരഞ്ഞ് അക്രമിച്ചേക്കാം. ഇതിനുള്ള കാരണവും നേരത്തേ സൂചിപ്പിച്ചതാണ്. ശരീരം പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ്. ഗര്‍ഭിണികളില്‍ ഇതിന്റെ അളവ് വളരെ കൂടുതലായിരിക്കും.


3. രക്ത ഗ്രൂപ്പ്

പൊതുവേ ഒ, പോസിറ്റീവ് രക്ത ഗ്രൂപ്പിലുള്ളവരെയാണ് കൊതുകുകള്‍ ഏറ്റവുമധികം കടിക്കാറ്. എ ഗ്രൂപ്പില്‍ പെടുന്നവരെയാണത്രേ കുറവ് കടിക്കാറ്. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് വലിയ അടിത്തറയില്ലെന്നാണ് കൊതുകുകളെ പറ്റി പഠനം നടത്തിയ ജോനാഥന്‍ ഡേ, എന്ന പ്രൊഫസര്‍ പറയുന്നത്. 

4. രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയ ആളുകളേയും കൊതുകുകള്‍ കൂടുതല്‍ കടിക്കുമത്രേ, എന്നാല്‍ ഈ വാദത്തിനും ശാസ്ത്രീയമായ വലിയ ബലമില്ലെന്നാണ് പ്രൊഫ. ഡേ പറയുന്നത്. 

5. വസ്ത്രത്തിന്‍റെ നിറം

നമ്മളുപയോഗിക്കുന്ന വസ്ത്രത്തിന്‍റെ നിറം നോക്കിയാണ് പലപ്പോഴും കൊതുകുകള്‍ നമ്മളെ ശ്രദ്ധിക്കുന്നത്. കടും നിറങ്ങളാണെങ്കില്‍ കൊതുകുകള്‍ക്ക് എളുപ്പത്തില്‍ നമ്മളെ കാണാനാകും.