യാത്രമദ്ധ്യേ വിമാനത്തില്‍വെച്ച് യാത്രക്കാരന്‍ മരിക്കുന്ന സംഭവം അത്യപൂര്‍വ്വമാണ്. എന്നിരുന്നാലും അടുത്തകാലത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വിമാനത്തില്‍ യാത്രികന്‍ മരിച്ചാല്‍ ഫ്ലൈറ്റ് ക്രൂ എങ്ങനെയാണ് അത് കൈകാര്യം ചെയ്യുകയെന്ന് അറിയുമോ? വിമാനത്തില്‍വെച്ച് യാത്രികന്‍ മരിച്ചാല്‍, വിമാനം പെട്ടെന്ന് വഴിതിരിച്ചുവിടുകയോ, ഏറ്റവുമടുത്ത വിമാനത്താവളത്തില്‍ ഇറക്കുകയോ ചെയ്യാനുള്ള നടപടിക്രമമായിരിക്കും ഉണ്ടാകുക. വിമാനത്തിലെ മരണം ഏറെ രഹസ്യാത്മകമായും ശ്രദ്ധയോടെയുമാകും ജീവനക്കാര്‍ കൈകാര്യം ചെയ്യുക. ആദ്യംതന്നെ, മരണപ്പെട്ട യാത്രികന്റെ സമീപത്തുള്ള യാത്രക്കാരെയെല്ലാം ഒഴിപ്പിക്കും. അതിനുശേഷം ഒരു പുതപ്പ് ഉപയോഗിച്ച് മരണപ്പെട്ട യാത്രികന്റെ ശരീരം മറയ്‌ക്കും. ഐഷേഡ് ഉപയോഗിച്ച് കണ്ണും മൂടും. വിമാനത്തിനുള്ളില്‍ ജിം വില്‍സന്‍ എന്ന രഹസ്യകോഡിലാണ് ലോകത്തെ പ്രമുഖ എയര്‍ലൈന്‍ സര്‍വ്വീസുകളായ അമേരിക്കന്‍ എയര്‍ലൈന്‍, വിര്‍ജിന്‍ ഓസ്‌ട്രേലിയ, ബ്രിട്ടീഷ് എയര്‍ലൈന്‍സ് എന്നിവയില്‍വെച്ച് മരണപ്പെടുന്ന യാത്രികനെ ജീവനക്കാര്‍ വിശേഷിപ്പിക്കുന്നത്. ഒരു യാത്രക്കാരന്‍ മരണപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കിയിരിക്കും. അതുകൊണ്ടുതന്നെ ഒട്ടും അസ്വാഭാവികതയില്ലാതെ, അനായാസമായാകും ജീവനക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. അടുത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തയുടന്‍ മൃതദേഹം പുറത്തേക്ക് മാറ്റും. അതിനുശേഷം വിമാനം യാത്ര തുടരുകയും ചെയ്യും. മരണപ്പെട്ട യാത്രികന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നത്, എംബസി ഓഫീസിന്റെ ഇടപെടലോടെയായിരിക്കും.