പൊതുവെ ആരോഗ്യവാനായി ജീവിക്കുന്ന ഒരാളുടെ മരണം പ്രവചിക്കാനാകുമോ? ഇല്ല എന്നു തന്നെയാകും വൈദ്യശാസ്‌ത്രം നല്‍കുന്ന മറുപടി. എന്നാല്‍ ഹൃദ്രോഗം മൂലമുള്ള മരണത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്ന കണ്ടുപിടിത്തം അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നു. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ് ഹൃദ്രോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത പ്രവചിക്കുന്നത്. ഒരാളുടെ കൈവെള്ളയുടെ വിസ്‌തൃതി, കൈയുടെ മുകള്‍വശത്തെ പേശിയുടെ ബലം എന്നിവ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലിലൂടെയാണ് ഹൃദയത്തിന്റെ പണിമുടക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നത്. ഒന്നര വര്‍ഷത്തോളമായി 72 പേരില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായതായാണ് പ്രമുഖ കാര്‍ഡിയോ വാസ്‌കുലാര്‍ ശസ്‌ത്രക്രിയാ വിദഗ്ദ്ധര്‍ പറയുന്നത്. കൈവള്ളയ്‌ക്കും കൈയുടെ മുകള്‍ഭാഗത്തെ പേശികള്‍ക്കും വിസ്‌തൃതി കുറവുള്ളവര്‍ക്ക് ഹൃദ്രോഗം ഉണ്ടായാല്‍, അതിനെ അതിജീവിക്കാനാകില്ലെന്നാണ് പഠനസംഘം പറയുന്നത്. വ്യായാമ കുറവ്, ഹോര്‍മോണ്‍ വ്യതിയാനം, പോഷകാഹാരകുറവ്, ആരോഗ്യക്കുറവ് എന്നിവയൊക്കെ കൈവെള്ളയുടെയും പേശികളുടെയും വിസ്‌തൃതി കുറയാന്‍ കാരണമാകും. ഇതിനൊപ്പം പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം ഹൃദ്രോഗം ഗുരുതരമാകും. ഇവയ്‌ക്കൊപ്പം, കൈള്ളയുടെ വിസ്‌തൃതി, കൈയിലെ പേശികളുടെ വലുപ്പമില്ലായ്‌മ എന്നീ പ്രശ്‌നങ്ങള്‍ കൂടി ഉണ്ടെങ്കില്‍, ഹൃദ്രോഗത്തില്‍നിന്ന് ചികില്‍സയിലൂടെ രക്ഷപ്പെടാനാകില്ലെന്നാണ് ഈ പഠനത്തില്‍ വ്യക്തമായത്. സ്ഥിരമായി വ്യായാമം ചെയ്യുകയും, ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ ഹൃദ്രോഗത്തെ നിയന്ത്രിക്കാനാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.