ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. ഇറ്റലിയിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മാധ്യമങ്ങള്‍ക്ക് ഒരു സൂചന പോലും നൽകാതെ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. ഇവിടെയിതാ, കോലി-അനുഷ്‌ക വിവാഹം സംബന്ധിച്ച് മറച്ചുവെച്ച കാര്യങ്ങള്‍...

ഡിസംബര്‍ എട്ടിന് പുലര്‍ച്ചെയാണ് കോലിയുടെയും അനുഷ്‌ക്കയുടെയും അടുത്ത കുടുംബാംഗങ്ങള്‍ ഇറ്റലിയിലേക്ക് പോയത്. സ്വിസ് എയര്‍ വിമാനത്തിലായിരുന്നു യാത്ര. അനുഷ്‌കയും കുടുംബാംഗങ്ങളും മുംബൈയിൽനിന്നും കോലിയും കുടുംബവും ദില്ലിയിൽനിന്നുമാണ് യാത്ര തിരിച്ചത്. ഇവര്‍ക്കൊപ്പം അനുഷ്‌ക്കയുടെ കുടുംബ ആരാധനാലയത്തിലെ പുരോഹിതൻ മഹാരാജ് ആനന്ദ് ബാബയുമുണ്ടായിരുന്നു.

ഈ വര്‍ഷമാദ്യം കോലിയും അനുഷ്‌കയും അവധിക്കാലം ആഘോഷിക്കാൻപോയ മിലാനിലെ ബോര്‍ഗോ ഫിനോച്ചീറ്റോ റിസോര്‍ട്ടിൽവെച്ചാണ് വിവാഹ ആഘോഷങ്ങള്‍ നടന്നതെന്നാണ് സൂചന. 800 വര്‍ഷം പഴക്കമുള്ള ഒരു പുരാതന ഗ്രാമത്തിലാണ് ഈ റിസോര്‍ട്ട്. ഇറ്റലിയിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണിത്. ചുറ്റിലും പ്രകൃതിമനോഹാരിത തുളുമ്പി നിൽക്കുന്ന സ്ഥലത്താണ് ഈ സെവൻ സ്റ്റാര്‍ പ്രീമിയര്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. തന്റെ വിവാഹം പ്രകൃതിയോട് എറെ അടുത്തുനിൽക്കുന്ന സ്ഥലത്തായിരിക്കുമെന്ന് ഒരു വര്‍ഷം മുമ്പ് അനുഷ്‌ക ഒരു ബ്രൈഡൽ എക്‌സിബിഷൻ പരിപാടിയിൽ പറഞ്ഞിരുന്നു.

വിവാഹം നടന്ന റിസോര്‍ട്ടിൽനിന്ന് പഞ്ചാബി സംഗീതത്തിന് ചുവടുവെച്ചുള്ള ഭന്‍ഗ്ര നൃത്തമുണ്ടായിരുന്നതായി അവിടുത്തെ ജീവനക്കാര്‍ പറയുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള ജീവനക്കാര്‍ ഇവിടെയുണ്ടെങ്കിലും കോലി-അനുഷ്‌ക വിവാഹമാണ് നടക്കാൻപോകുന്നതെന്ന വിവരം ആര്‍ക്കും അറിയില്ലായിരുന്നു.

ജനുവരി നാലിന് ബാന്ദ്രയിലെ രജിസ്റ്റര്‍ഓഫീസില്‍വെച്ച് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. എന്നാൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഡിസംബര്‍ 27ന് പുറപ്പെടുമെന്നതിനാൽ ഇതിന് മുമ്പും വിവാഹം രജിസ്റ്റര്‍ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ഈ വര്‍ഷം ഓഗസ്റ്റിൽ ശ്രീലങ്കയിലെ ഒരു റിസോര്‍ട്ടിൽവെച്ചാണ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വിവാഹം നിശ്ചയിച്ചത്. അവിടെവെച്ച് അനുഷ്‌കയുടെ കുടുംബ ആരാധനാലയത്തിലെ പുരോഹിതനാണ് ഡിസംബറിൽ വിവാഹം നടത്തണമെന്ന് നിശ്ചയിച്ചത്. അന്നുമുതൽ വിവാഹത്തെക്കുറിച്ച് ഒരു വിവരം പോലും പുറത്തുപോകാതെ ഇരുതാരങ്ങളും ഇവരുടെ കുടുംബാംഗങ്ങളും നിതാന്ത ജാഗ്രതയിലായിരുന്നു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് മതിയായ വിശ്രമം ആവശ്യമാണെന്ന് പറഞ്ഞാണ് കോലി, ബിസിസിഐയിൽനിന്ന് അനുകൂല തീരുമാനം നേടിയെടുത്തത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് ബിസിസിഐ, കോലിയ്‌ക്ക് വിശ്രമം അനുവദിച്ചത്. എന്നാൽ വിശ്രമം നേടിയെടുത്തത് വിവാഹത്തിന് വേണ്ടിയാണെന്ന വിവരം പരമരഹസ്യമായി സൂക്ഷിക്കാൻ കോലിയ്‌ക്ക് സാധിച്ചു.

2013ൽ ഒരു ഷാംപുവിന്റെ പരസ്യത്തിൽ കോലിയും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരെയും ചുറ്റിപ്പറ്റി പ്രണയ ഗോസിപ്പുകള്‍ പരന്നത്.