മദ്യപിക്കുമ്പോള്‍ ശരീരം ആല്‍ക്കഹോളിനെ പുറന്തള്ളാന്‍ ശ്രമിക്കും. കൂടുതല്‍ സമയം ആല്‍ക്കഹോള്‍ ശരീരത്തിലിരുന്നാല്‍ വിഷാംശമാകുമെന്നത് കൊണ്ടാണിത്. ഇതിന് വേണ്ടി ശ്രമിക്കുന്നതിനിടെ അകത്തെത്തുന്ന കൊഴുപ്പിനെ എരിച്ചുകളയാന്‍ ശരീരത്തിന് കഴിയാതെ വരും

പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ അല്‍പം ലഹരിയും ആഘോഷവും ഒന്നുമില്ലെങ്കില്‍ എങ്ങനെയാണെന്നാണ് മിക്കവാറും എല്ലാവരും ചിന്തിക്കാറ്. ഈ ചിന്തകള്‍ ഒടുവില്‍ പോയിനില്‍ക്കുക സുഹൃത്തുക്കള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ ഒപ്പമുള്ള പാര്‍ട്ടികളിലോ 'സെലിബ്രേഷനു'കളിലോ ആയിരിക്കും. 

എവിടെയാണെങ്കിലും ഭക്ഷണകാര്യത്തില്‍ നമ്മള്‍ യാതൊരു കുറവും വരുത്താറില്ലല്ലോ. മിക്കവാറും ജങ്ക് ഫുഡ് തന്നെയായിരിക്കും 'ടച്ചിംഗ്‌സ്' ആയി ഉപയോഗിക്കുന്നതും. എന്നാല്‍ മദ്യപിക്കുമ്പോള്‍ കൂടെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു ചെറിയ കരുതലുള്ളതാണ് നല്ലതെന്ന് ഡയറ്റീഷ്യന്മാര്‍ ഓര്‍മ്മിപ്പിക്കുന്നു. 

മദ്യപിക്കുമ്പോള്‍ അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച് 'ജങ്ക് ഫുഡ്' കഴിക്കുന്നത് അത്ര പന്തിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് മദ്യപിക്കുമ്പോള്‍ ശരീരം ആല്‍ക്കഹോളിനെ പുറന്തള്ളാന്‍ ശ്രമിക്കും. കൂടുതല്‍ സമയം ആല്‍ക്കഹോള്‍ ശരീരത്തിലിരുന്നാല്‍ വിഷാംശമാകുമെന്നത് കൊണ്ടാണിത്. ഇതിന് വേണ്ടി ശ്രമിക്കുന്നതിനിടെ അകത്തെത്തുന്ന കൊഴുപ്പിനെ എരിച്ചുകളയാന്‍ ശരീരത്തിന് കഴിയാതെ വരും. 

ഇത്തരത്തില്‍ എരിച്ചുകളയാത്ത കൊഴുപ്പെല്ലാം ശരീരത്തില്‍ അങ്ങനെ തന്നെ അടിഞ്ഞുകൂടും. ഇത് ഇടക്കിടെ സംഭവിച്ചാല്‍ പിന്നെ പറയേണ്ടതില്ലല്ലോ, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടിക്കൊണ്ടേയിരിക്കും. അമിതവണ്ണം മാത്രമല്ല, അനാരോഗ്യകരമായ കൊഴുപ്പ് വര്‍ധിക്കുന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയാവുക. 

ഇത് ഒരു ദിവസമാണെങ്കില്‍ പോലും ചിലരെ ഗുരുതരമായി ബാധിച്ചേക്കാം. വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കായിരിക്കും വളരെ എളുപ്പത്തില്‍ വഴിവയ്ക്കുക. സ്ഥിരമായി ഈ രീതി പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് ഗതി മാറിയേക്കും. 

സ്വയം കരുതാന്‍, ചില വഴികള്‍...

ഏത് ആഘോഷപരിപാടിയില്‍ ആയാലും നമ്മുടെ ശരീരത്തിന് താങ്ങാവുന്നയത്ര ആല്‍ക്കഹോള്‍ മാത്രം കഴിക്കുക. മദ്യം വിഷം തന്നെയാണെന്നും അതിനെ ചെറുക്കാന്‍ ശരീരത്തിന് പ്രത്യേക കഴിവ് ആവശ്യമാണെന്നും തിരിച്ചറിയുക. 

മദ്യപിക്കുമ്പോള്‍ കഴിവതും ജങ്ക് ഫുഡ്- അല്ലെങ്കില്‍ അത്തരത്തില്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. പകരം സലാഡ്, ഫ്രൂട്ട്‌സ്, നട്ട്‌സ്, ധാരാളം വെള്ളം ഇവയെല്ലാം കഴിക്കാന്‍ ശ്രമിക്കുക. സാധാരണഗതിയില്‍ മദ്യപിച്ചാല്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ അതുമായി ബന്ധപ്പെട്ട വിഷാംശങ്ങളെല്ലാം ശരീരം പുറന്തള്ളേണ്ടതാണ്. എന്നാല്‍ സ്ഥിരമായി മദ്യപിക്കുന്നവരില്‍ ഈ പ്രവര്‍ത്തനം കൃത്യമായി നടക്കണമെന്നില്ല. 

മദ്യപിച്ച ശേഷം ഉടന്‍ തന്നെ ഉറങ്ങാന്‍ കിടക്കാതെ അല്‍പനേരം നടക്കുകയോ ഇരിക്കുകയോ മറ്റും ചെയ്ത ശേഷം ഒരു നേന്ത്രപ്പഴം കഴിച്ചാലും മദ്യപിച്ചതിന്റെ പ്രശ്‌നങ്ങള്‍ക്ക് അല്‍പം ശമനം കിട്ടും. രാവിലെ ഉണര്‍ന്ന ശേഷം ചെറിയ ഒരു നടപ്പോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വ്യായാമമോ കൂടിയാകുമ്പോള്‍ ശരീരം പഴയപടി ഊര്‍ജസ്വലമാകും.