ആവശ്യമായ ശ്രദ്ധ മുതിര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ വലിയ അപകടം ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചെറിയ ചില വഴികള്‍

രണ്ടാമതൊരു കുഞ്ഞ് കുടുംബത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും മാതാപിതാക്കളുടേയും മറ്റ് കുടുംബാംഗങ്ങളുടേയും ശ്രദ്ധ ആ കുഞ്ഞിലേക്ക് ഒതുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ ശ്രദ്ധയുടെ മറുപുറത്ത് മനഃപ്പൂര്‍വ്വമല്ലാത്ത അവഗണന നേരിടുന്ന ഒരു കുഞ്ഞുമനസ്സുണ്ട്. മൂത്ത കുഞ്ഞുങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാനാകാതെ അമ്മയും അച്ഛനുമെല്ലാം പാടുപെടുന്നത് കണ്ടിട്ടില്ലേ?

ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ ഇത്തരം കുഞ്ഞുങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണമായും വൈകാരികമായി വേര്‍പിരിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. എത്ര വളര്‍ച്ചയെത്തിയാലും മനസ്സില്‍ പഴയ അവഗണന ഇവര്‍ സൂക്ഷിക്കും. 

എന്നാല്‍ തീരെ ചെറിയ ചില കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വെച്ച് പെരുമാറിയാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമേയുള്ളൂ ഇത്. -

1. അവര്‍ക്ക് കാര്യങ്ങളെല്ലാം അറിയും എന്ന് ധരിക്കരുത്...

രണ്ടാമതൊരു കുഞ്ഞ് കൂടി ഉണ്ടാകാന്‍ പോകുന്നു എന്നതിനെ മാനസികമായി മൂത്ത കുഞ്ഞ് സ്വയം ഉള്‍ക്കൊള്ളുമെന്ന് ഒരിക്കലും കരുതരുത്. അവരുടെ കൂടെ സമയം ചെലവഴിച്ച് അവരെ അക്കാര്യം പറഞ്ഞ് മനസ്സിലാക്കുക തന്നെ വേണം. പുതിയൊരു സമ്മാനം കിട്ടാന്‍ പോകുന്നുവെന്ന പോലെ, കൂട്ടുകാരനോ കൂട്ടുകാരിയോ വരുമെന്ന് പറയണം. ശുഭകരമായി മാത്രമാണ് കുഞ്ഞ് ഈ വിഷയത്തെച്ചൊല്ലി ചിന്തിക്കുന്നതെന്ന് ഉറപ്പ് വരുത്തണം.


2. ധാരാളം സംസാരിക്കുക...

കേള്‍ക്കുമ്പോള്‍ വളരെ ലളിതമെന്ന് തോന്നും, എന്നാല്‍ കുട്ടികളോട് ഏറെ നേരം സംസാരിച്ചിരിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. അവരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ചെറിയ ചെറിയ ഉത്തരങ്ങള്‍ നല്‍കി കൂടെയിരിക്കുക. ചില കുഞ്ഞുങ്ങള്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ മടി കാണിക്കും. എന്നാല്‍ അമ്മ കൂടെയുണ്ട് എന്ന ബോധം അവരെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കും.

3. പല രീതികളില്‍ അവരെ തയ്യാറെടുപ്പിക്കാം...

പുതിയ കുഞ്ഞുണ്ടാകുമ്പോള്‍ അതിനെ എങ്ങനെ വരവേല്‍ക്കാമെന്ന് പറഞ്ഞുകൊടുക്കാം. ചിലര്‍ക്ക് സംശയങ്ങളായിരിക്കും കൂടുതല്‍, ചിലര്‍ക്ക് സ്വാര്‍ത്ഥത, മറ്റു ചില കുഞ്ഞുങ്ങള്‍ക്ക് പേടി... നമ്മുടെ കുഞ്ഞിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് പ്രശ്‌നങ്ങള്‍ ആ രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുക.

4. കുഞ്ഞിനെ വരവേല്‍ക്കാന്‍ സജ്ജരാക്കുക...

സഹോദരിയെയേ സഹോദരനെയോ പറ്റി എപ്പോഴും അവരോട് പറയുക. ഒരു സ്വപ്‌നം പോലെ അവര്‍ക്ക് പുതിയ കുഞ്ഞിനോട് ആഗ്രഹം തോന്നട്ടെ. അതുവഴി കുഞ്ഞ് പുറത്തെത്തുമ്പോള്‍ അതിനെ മാനസികമായി സ്വീകരിക്കാന്‍ അവരെ സജ്ജരാക്കാം. 

5. ഒരുപാട് ക്ഷമയുള്ളവരായിരിക്കൂ...

ചില കുഞ്ഞുങ്ങള്‍ പുതിയ കുഞ്ഞിനെ വരവേല്‍ക്കാന്‍ വിമുഖതയില്ലാത്തത് പോലെ ധൈര്യമായി ഇരിക്കും. എന്നാല്‍ അത് സത്യസന്ധമായ അവസ്ഥ തന്നെയാണോയെന്ന് ഒന്നുകൂടി പരീക്ഷിച്ച് ഉറപ്പാക്കുക. കൂടുതല്‍ ക്ഷമയോടെ അവരെ സമീപിക്കുക. ഇത്തരം കുഞ്ഞുങ്ങള്‍ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ വളരെയധികം സമയമെടുത്തേക്കാം. 

6. അവരെ വിട്ടുനില്‍ക്കുമെന്ന് അവരെ അറിയിക്കുക...

പ്രസവ സമയത്തും അതിന് മുമ്പും ശേഷവും എത്ര ദിവസങ്ങളാണ് ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരികയെന്ന് നമുക്ക് ഉറപ്പിക്കാനാവില്ല. അതുകൊണ്ട് മുന്‍കൂട്ടി മൂത്ത കുഞ്ഞിനോട് ഇക്കാര്യം സൂചിപ്പിക്കണം. വളരെ പാകത വന്ന ഒരാളോടെന്ന പോലെ ഇടപെടുന്നതായിരിക്കും ഉചിതം. അവര്‍ക്ക് തിരിച്ച് ഒരു കരുതല്‍ എടുക്കണമെന്ന് അവരെക്കൊണ്ടു തന്നെ ചിന്തിപ്പിക്കുക. 

7. അവരെത്ര പ്രധാനമാണെന്ന് അവരോട് പറയണം...

വരാന്‍ പോകുന്ന കുഞ്ഞിന് മൂത്ത കുഞ്ഞ് എത്രമാത്രം പ്രധാനമാണെന്ന് അവരെ ധരിപ്പിക്കുക. ഒരുമിച്ച് കളിക്കുന്നതിനേയും ഭക്ഷണം കഴിക്കുന്നതിനേയും ഉറങ്ങുന്നതിനേയും പറ്റിയെല്ലാം സംസാരിക്കുന്നത് കുറേക്കൂടി കുഞ്ഞിന്റെ മനസ്സിനെ പ്രസന്നമാക്കും.

രണ്ടാമതൊരു കുഞ്ഞുണ്ടാവുകയെന്നാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് തീര്‍ച്ചയായും മൂത്ത കുഞ്ഞിന്റെ കാര്യത്തില്‍ തന്നെയാകണം. ആവശ്യമായ ശ്രദ്ധ ലഭിക്കാത്തത് മൂലം കുഞ്ഞുങ്ങളുടെ മനസ്സ് ആശങ്കപ്പെടുന്നത് പിന്നീട് കുടുംബത്തിന്റെ ആകെ അവസ്ഥയെ ബാധിച്ചേക്കാം.