മധുരമുള്ള ഭക്ഷണം കഴിക്കാന്‍ ഇഷ്‌ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. മധുരത്തിനായി നമ്മള്‍ കൂടുതലായും ഉപയോഗിക്കുന്നത് പഞ്ചസാരയാണ്. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹം, പൊണ്ണത്തടി എന്നിവയൊക്കെ അമിതമായ പഞ്ചസാരയുടെ ഉപയോഗം കൊണ്ടു സംഭവിക്കുന്ന പ്രശ്‌നങ്ങളാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പഞ്ചസാര കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണെന്നാണ് പുതിയ പഠനം പറയുന്നത്. പഞ്ചാസാര കഴിക്കുമ്പോള്‍ നമ്മുടെ തലച്ചോറില്‍ ചില മാറ്റങ്ങളൊക്കെയുണ്ടാകും. അവ എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ഇല്ലെങ്കില്‍ പറഞ്ഞുതരാം. രക്തത്തില്‍നിന്നാണ് പഞ്ചസാര തലച്ചോര്‍ സ്വീകരിക്കുന്നത്. നമ്മുടെ ശാരീരികാവയവങ്ങളില്‍ ഏറ്റവുമധികം പഞ്ചസാര സ്വീകരിക്കുന്നത് തലച്ചോറിലെ കോശങ്ങളാണ്. വിശപ്പ് തോന്നുന്നതും, ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതുമൊക്കെ തലച്ചോറിലെ കോശങ്ങളാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാല്‍ മ്യൂണിക്കിലെ സാങ്കേതിക സര്‍വ്വകലാശാലയില്‍ നടത്തിയ പഠനം അനുസരിച്ച്, നേരത്തെ കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ ശക്തമായി തലച്ചോറിലെ കോശങ്ങളെ ഇതിന് പ്രാപ്‌തമാക്കുന്നതില്‍ പഞ്ചസാരയ്‌ക്ക് വലിയ പങ്കുണ്ടത്രെ. ഇത് പ്രമേഹം നിയന്ത്രിക്കുന്നതിലും വലിയ സഹായമാണ് ചെയ്യുന്നതെന്നും പുതിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രശസ്‌തമായ സെല്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.