ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ ശീതള പാനീയങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി. ലെഡ്, ക്രോമിയം, കാഡ്‌മിയം, ഡിഇഎച്ച്പി സംയുക്‌തം(2-ഇഥൈല്‍ഹെക്‌സില്‍) എന്നീ രാസവസ്‌തുക്കളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവയൊക്കെ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ഇവയില്‍ ചില ഘടകങ്ങള്‍ സ്ഥിരമായി ശരീരത്തില്‍ എത്തുന്നത് ഗുരുതരമായ ക്യാന്‍സര്‍ പിടിപെടാന്‍ ഇടയാക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ശീതളപാനീയങ്ങളില്‍ ഹാനികരമായ വിഷാംശങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡ്രഗ്സ് ടെക്നിക്കല്‍ അഡ്‌വൈസറി ബോര്‍ഡ് ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്. ഡ്രഗ്സ് ടെക്നിക്കല്‍ അഡ്‌വൈസറി ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കൊല്‍ക്കത്തയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്താണ് പഠനം നടത്തിയത്. ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായാണ് പഠനം നടത്തിയത്. രാജ്യത്തെ മുന്‍നിര ബ്രാന്‍ഡുകളിലാണ് ഹാനികരമായ രാസഘടകങ്ങള്‍ കണ്ടെത്തിയത്. പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, ഇവ കണ്ടെത്തിയ അഞ്ചു ബ്രാന്‍ഡുകളും രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അതേസമയം ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ കുത്തക ബ്രാന്‍ഡുകളുടെ വക്താക്കള്‍ തയ്യാറായിട്ടില്ല.