സുരക്ഷയുടെയും ഗുണനിലവാരത്തിന്‍റെയും കാര്യത്തില്‍ ഉന്നത നിലാവരം പുലര്‍ത്തുന്ന ചെറുകാറാണ് പിക്സിസ് ജോയ്. ക്രോസോവര്‍, ഫാഷന്‍, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പിക്‌സിസ് ജോയ് എത്തിയിരിക്കുന്നത്.

ടൊയോട്ടയുടെ ചെറുകാര്‍ നിര്‍മ്മാണ യൂണിറ്റായ ദൈഹത്സു മോട്ടോര്‍ കമ്പനിക്കാണ് കാറുകളുടെ നിര്‍മാണ ചുമതല. വിദേശ ഗുണനിലവാരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാഹനം ഇന്ത്യയിലും സമാന രൂപത്തിലാവും അവതരിപ്പിക്കുക.

സിവിടി എഞ്ചിനൊപ്പം വാഹനത്തിന്റെ സവിശേഷമായ രൂപവും കൂടുതല്‍ ഇന്ധന ക്ഷമത ഉറപ്പുവരുത്താന്‍ സഹായിക്കുന്നതാണ്. സ്മാര്‍ട്ട് അസിസ്റ്റ് കോളീഷന്‍ അവോയിഡന്‍സ് സിസ്റ്റമാണ് യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.

പുതു നിറങ്ങളും ഫീച്ചേഴ്‌സും ഉള്‍പ്പെടുത്തി ക്രോസോവര്‍ സ്‌റ്റൈല്‍ നല്‍കിയാണ് പിക്‌സിസ് ജോയിയെ കമ്പനി നിരത്തിലെത്തിക്കുന്നത്. മുന്നിലും പിന്നിലുമുള്ള ബമ്പറും, വശങ്ങളിലെ മോള്‍ഡിംഗും പിക്‌സിസിനെ വ്യത്യസ്തനാക്കുന്നു.

പൂര്‍ണ്ണമായും നിവര്‍ത്തി വച്ച് ബഡ് പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന മുന്‍ സീറ്റുകളാണ് വാഹനത്തിന്‍റെ വലിയ സവിശേഷത. ദൂരയാത്രകളില്‍ വാഹനം നിര്‍ത്തിയിട്ട് യാത്രക്കാര്‍ക്ക് മുഴുവന്‍ ഒരു ക്യൂന്‍ ബെഡ് പോലെ കാര്‍ കിടപ്പു മുറിയാക്കാം. ഉറങ്ങുമ്പോഴും സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക സുരക്ഷാ ബെല്‍റ്റുകളും എയര്‍ ബാഗുകളും പ്ലാന്‍ ചെയ്തിരിക്കുന്നു.

ബൂട്ട് സ്‌പേസ് അല്‍പ്പം കുറവാണെങ്കിലും പിന്‍ സീറ്റ് സീറ്റായി മടക്കിയാല്‍ കൂടുതല്‍ സ്റ്റോറേജ് സ്‌പേസ് ലഭിക്കും. മോമോ സ്റ്റിയറിംഗ് വീല്‍, സ്‌പോര്‍ടി സസ്‌പെന്‍ഷന്‍, 7 സ്പീഡ് മാനുവല്‍ പാഡില്‍ ഷിഫ്റ്റ് എന്നിവയാണ് പിക്‌സിസ് ജോയ്‌യുടെ സവിശേഷതകള്‍.

ഏകദേശം 1,620,000 ജപ്പാന്‍ യെന്നാണ് (10 ലക്ഷം രൂപ) ടോപ് വേരിയന്റായ സ്‌പോര്‍ട്‌സ് മോഡലിന്റെ വിപണി വില. ക്രേസോവറിനും ഫാഷനും 1,517,400 യെന്നുമാണ് (9.91 ലക്ഷം രൂപ) വില.

മൂന്നു മോഡലുകളുടെയും അരങ്ങേറ്റം ജപ്പാന്‍ വിപണിയിലാണ്. എന്നാല്‍ പ്രധാനമായും ഇന്ത്യന്‍, ചൈനീസ് വിപണികളെയാണ് കമ്പനി ഉന്നംവയ്ക്കുന്നത്. ചെറു കാര്‍ ശ്രേണിയില്‍ വലിയ വിപണി സാധ്യതയുള്ള ഇന്ത്യയിലേക്ക് ഉടനെതന്നെ പിക്‌സിസ് എത്തിയേക്കും.