ഒരു ബൈക്കിലായി രണ്ടുപേര്‍ മൂന്നു രാജ്യങ്ങള്‍ ചുറ്റി. 47 ദിവസങ്ങളോളം യാത്ര ചെയ്‍ത് വ്യത്യസ്ത നാടുകളും സംസ്കാരവും തിരിച്ചറിഞ്ഞ് അവര്‍ നാട്ടിലേക്കുള്ള വഴിയിലാണ്.. കാസര്‍കോടുകാരനായ ജാഫര്‍ കെ എച്ചും കോഴിക്കോട്ടുകാരനായ ശബരിനാഥുമാണ് കുറഞ്ഞചെലവില്‍ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. 90000 രൂപയാണ് ഇവര്‍ക്ക് ചെലവായത്.

ബാംഗ്ലൂര്‍ സാമ്പ്രം അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എംബിഎയ്ക്കു ഒരുമിച്ച് പഠിച്ചപ്പോഴുള്ള സൗഹൃദമാണ് ജാഫറിനെയും ശബരിനാഥിനും ഒന്നിച്ചു നാടുചുറ്റാന്‍ പ്രേരിപ്പിച്ചത്. ട്രക്കിംഗ് ഹരമായിട്ടുള്ള ജാഫര്‍ ഒരു സ്വകാര്യകമ്പനിയിലെ ജോലിയും രാജിവച്ചാണ് ശബരിനാഥിനൊപ്പം ബൈക്കില്‍ യാത്ര തിരിച്ചത്. ചെലവുകുറച്ചുള്ള യാത്രയായിരുന്നു തുടക്കം മുതലേയുള്ള തീരുമാനം. സാധാരണ ദൂരയാത്രയ്‍ക്ക് പലരും ബുള്ളറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ഇവര്‍ ഉപയോഗിച്ചത് യമഹ ബൈക്കാണ്. രണ്ടു ജീന്‍സും നാല് ടീഷര്‍ട്ടും വീതമായിരുന്നു വസ്‍ത്രം കരുതിയത്. താമസസ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചുമില്ല. കാസര്‍കോട് നിന്നായിരുന്നു യാത്രയുടെ തുടക്കം. കാസര്‍കോട് സിഎ ഫാമിലി ഓര്‍ഗനൈസേഷനും കെഎല്‍ മോട്ടോര്‍ ക്ലബും ഇവരുടെ യാത്രയ്‍ക്ക് പിന്തുണ നല്‍കി. സമാധാനം, അപരിചതര്‍ക്കിടയിലെയും സൗഹൃദം എന്ന ലക്ഷ്യവുമായാണ് ജാഫറും ശബരിനാഥും യാത്രതിരിച്ചത്.

ബാംഗ്ലൂരിലേക്കായിരുന്നു ആദ്യം. അവിടെ ബാംഗ്ലൂര്‍ ബാപ്പുബ റൈഡേഴ്സിന്റെ വക സ്വീകരണം. തുടര്‍ന്ന് ഹംപി, ഔറംഗാബാദ്, ജയ്പൂര്‍, ഛണ്ഡഗഡ്, ദില്ലി, മണാലി, ലേ, ലഡാക്ക്, അമൃത്‍സര്‍, നേപ്പാള്‍, പൊക്ര, സിക്കിം, ഭൂട്ടാന്‍ അങ്ങനെ നീണ്ടു ജാഫറിന്റേയും ശബരിനാഥിന്റേയും യാത്ര. പ്രധാന നഗരങ്ങളിലെല്ലാം ഒരു ദിവസം തങ്ങി. ലഡാക്കില്‍ ഒമ്പതു ദിവസവും നേപ്പാളില്‍ നാലു ദിവസവും ഭൂട്ടാനില്‍ രണ്ടു പകലും ഒരു രാത്രിയും ഉണ്ടായിരുന്നു. മൂന്നു രാജ്യങ്ങളിലായിട്ടുള്ള യാത്രയില്‍ മറക്കാനാകാത്ത പല അനുഭവങ്ങളുമുണ്ടായിയെന്ന് ഇവര്‍ പറയുന്നു. വാഗാ ബോര്‍ഡറിലെ ഫ്ലാഗ് റിട്രീറ്റ് സെറിമണി കാണാനായി. ലേയില്‍ വച്ച് പരിചയപ്പെട്ട ഐടി പ്രൊഫഷണലുകാരനായ പൂനെ സ്വദേശി രാജീവ് സഹായിച്ചതും ഇവര്‍ നല്ല അനുഭവമായി ഓര്‍ക്കുന്നു. ഞങ്ങളുടെ കയ്യില്‍ പൈസയില്ല എന്നു അദ്ദേഹത്തിനു മനസ്സിലായപ്പോള്‍ ചോദിക്കാതെ തന്നെ അദ്ദേഹം ഞങ്ങളെ സഹായിച്ചു, ഭക്ഷണം വാങ്ങിച്ചുതന്നു. ഒരു നേപ്പാള്‍ സ്വദേശിയും ഞങ്ങളെ സഹായിക്കാനെത്തി. നേപ്പാളില്‍ മഴയായതിനാല്‍ ചിലയിടങ്ങളില്‍ വച്ച് ബൈക്ക് താങ്ങിപ്പിടിച്ച് കടത്തേണ്ടിയും വന്നെന്ന് ജാഫര്‍ പറയുന്നു.

താമസസ്ഥലത്തിനായുള്ള ചെലവ് ചുരുക്കുന്നതിനായി 1450 കിലോമീറ്ററോളം തുടര്‍ച്ചയായി ബൈക്ക് ഓടിച്ചിട്ടുണ്ടെന്ന് ശബരിനാഥ് പറയുന്നു. ഭുവനേശ്വര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ ഒറ്റയടിക്കുള്ള യാത്രയായിരുന്നു. 27 മണിക്കൂറോളം തുടര്‍ച്ചയായി റൈഡ് ചെയ്‍തു - ശബരിനാഥ് പറഞ്ഞു. യാത്രയ്‍ക്കിടയില്‍ അസുഖകരമായ അനുഭവവും ഉണ്ടായെന്ന് ശബരിനാഥ് പറയുന്നു. ഉത്തര്‍പ്രദേശില്‍ താമസിക്കാന്‍ സ്ഥലം തേടിയപ്പോള്‍ മോശം അനുഭവമാണ് ഉണ്ടായത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും താടിയൊക്കെ ഉള്ളതുകൊണ്ടാവണം മതം എന്തെന്ന് ചോദിച്ചത്. പിന്നെ ജാഫറിന്റെ ഐഡി കാണിക്കാതെ എന്റെ ഐഡി കൊടുത്തിട്ടാണ് റൂം എടുത്തത് - ശബരിനാഥ് പറയുന്നു.

നാല്‍പ്പത്തിയേഴ് ദിവസങ്ങളിലായുള്ള യാത്രയുടെ ഏറ്റവും വലിയ അനുഭവം എന്തെന്നു ചോദിച്ചാല്‍ 'ജീവിതം പഠിച്ചു' എന്നാണ് ഇരുവര്‍ക്കും ഒരേസ്വരത്തില്‍ പറയാനുള്ളത്. ആദ്യം കുടുംബം എതിര്‍പ്പ് കാട്ടിയെങ്കിലും ഇപ്പോള്‍ പിന്തുണയ്‍ക്കുന്നുവെന്നതും ഇവരുടെ സന്തോഷം കൂട്ടുന്നു. എന്തായാലും ഇനിയും കൂടുതല്‍ ദൂരം ഒന്നിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയാണ് ഇപ്പോള്‍ മനസ്സിലുള്ളത്. മൂന്ന് രാജ്യങ്ങളിലായുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന ഇവര്‍ക്ക് സുഹൃത്തുക്കള്‍ കാലിക്കടവ് ജംഗ്ഷനില്‍ സ്വീകരണം നല്‍‌കുന്നുണ്ട്.

യാത്രാപ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സഞ്ചാരിയുടെ കാസര്‍കോട് യൂണിറ്റ് അഡ്മിന്‍ കൂടിയാണ് ജാഫര്‍.