ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ അണ്ഡാശയത്തില്‍നിന്ന് മൂന്നു കിലോയോളം വലുപ്പമുള്ള ട്യൂമര്‍ ഡോക്‌ടര്‍മാര്‍ നീക്കം ചെയ്തു. ഉത്തര്‍പ്രദേശിലെ ഹപുരിലാണ് അത്യപൂര്‍വ്വമായതരത്തിലുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തത്. മുഴയ്‌ക്ക് മൂന്നു കിലോയോളം ഭാരവും 28 സെന്റിമീറ്ററോളം വലുപ്പവും ഉണ്ടായിരുന്നു. സരസ്വതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്‌ടര്‍മാരാണ് ശസ്‌ത്രക്രിയ ചെയ്‌തത്. അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശസ്‌ത്രക്രിയയില്‍ പത്തോളം ഡോക്‌ടര്‍മാര്‍ പങ്കെടുത്തു. വിവാഹം കഴിഞ്ഞു നാലുവര്‍ഷമായിട്ടും കുട്ടികളുണ്ടാകാതിരുന്നതിനാല്‍, വന്ധ്യത ചികില്‍സയുടെ ഭാഗമായി ചില സ്വകാര്യ ക്ലിനിക്കുകളില്‍ നടത്തിയ ചികില്‍സയാണ് യുവതിക്ക് പ്രശ്‌നമായത്. യുവതിയുടെ അണ്ഡാശയത്തില്‍ ഇത്രയും വലിയ മുഴ വരാന്‍ കാരണം സ്വകാര്യ ക്ലിനിക്കുകളിലെ തെറ്റായ ചികില്‍സയായിരുന്നുവെന്ന് ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. രജിനി ഗോയല്‍ പറഞ്ഞു. ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്നും, ഇനി യുവതിക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കുമെന്നും ഡോക്‌ടര്‍ പറഞ്ഞു.