വ്യക്തിജീവിതത്തില്‍ മാത്രമല്ല, കരിയറിലും ഇത് ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തെറാപ്പിയിലൂടെയോ മരുന്നിലൂടെയോ ഇത് മാറ്റാവുന്നതാണ്
ഏറ്റവും അടുപ്പം തോന്നുന്നവരോട് സ്ഥിരമായി വഴക്ക് കൂടുന്നയാളാണോ നിങ്ങള്‍? എന്ത്ര നിയന്ത്രിച്ചാലും ദേഷ്യം അടക്കാന്‍ കഴിയാതെ അത് പരസ്യമായി പ്രകടിപ്പിച്ചുപോകാറുണ്ടോ? എങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ 'ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍' ഉള്ളവരാകാന്‍ സാധ്യതയുണ്ട്. ഉറപ്പിക്കാന്‍ വരട്ടെ, അതിനായി ചില പരിശോധനകള്‍ കൂടി ആവശ്യമാണ്.
തെറ്റ്, ശരി എന്നിവ സ്വയം നിര്‍ണ്ണയിക്കാന്‍ കഴിയാതെ പകച്ചുനില്‍ക്കുന്നതാണ് ഇതിന്റെ മറ്റൊരു ലക്ഷണം. അതിനാല്‍ തന്നെ സ്വന്തം കാര്യങ്ങള്‍ക്ക് പോലും പലപ്പോഴും മറ്റുള്ളവരെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. അങ്ങനെയെങ്കിലും മറ്റുള്ളവരെ പരിഗണിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ച് മനസ്സിലാക്കുന്നതിലും പരാജയപ്പെട്ടേക്കാം. ഒരു വിഷയത്തിലും ഉറപ്പിച്ച് തീരുമാനം പറയാനാകാതിരിക്കുമ്പോഴും സ്വന്തം നിലപാടാണ് ഏറ്റവും മികച്ചതെന്ന പിടിവാശിയും ഉണ്ടെങ്കില്‍ കരുതുക, നിങ്ങളൊരു 'ആന്റി സോഷ്യല്‍ പേഴ്‌സണ്‍' ആകാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ബന്ധങ്ങളുടെ തുടര്‍ച്ചയായ തകര്‍ച്ചയാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം. ഏത് ചെറിയ കാര്യങ്ങളിലും പെട്ടെന്ന് അസ്വസ്ഥതപ്പെടുകയും ക്രമേണ അക്രമത്തില്‍ വരെ ഇത് എത്തുകയും ചെയ്യുന്നതോടെയാണ് ബന്ധങ്ങള്‍ കൂടുതലും തകര്‍ച്ചയിലെത്തുന്നത്. വ്യക്തി ജീവിതത്തില്‍ മാത്രമല്ല, ജോലിയിലും സമൂഹമധ്യത്തിലും ഇത്തരം വിഷമതകളുള്ളവര്‍ പെരുമാറ്റങ്ങള്‍ കൊണ്ട് വേറിട്ട് നില്‍ക്കും. തുടര്‍ച്ചയായി ജോലിസ്ഥലങ്ങള്‍ മാറുന്നതാണ് ഇതിന് മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാവുക. ഒരിടത്തും ഉറച്ച് നില്‍ക്കാന്‍ കഴിയാതാകുന്നതിന്റെ ഫലമാണിത്.
നിങ്ങള്‍ 'ആന്റി സോഷ്യല്‍' ആണെങ്കില്‍....
സ്വയം നിര്‍ണ്ണയിക്കുന്നതിന് പകരം ഒരു ഡോക്ടറെ കൂടി കണ്ട് സംശയം ഒഴിവാക്കി വേണം തുടര്‍ന്നുള്ള ഘട്ടങ്ങളിലേക്ക് കടക്കാന്‍. വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങി നിരവധി ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ അടങ്ങിയ അവസ്ഥയാണിത്. അതിനാല്‍ തന്നെ തുറന്ന മനസ്സോടെ ചികിത്സ തേടിയേ തീരൂ.

വിവിധ തരം തെറാപ്പികളാണ് ആദ്യഘട്ടത്തില്‍ ഇതിന് ചികിത്സയായി നല്‍കുന്നത്. വയലന്‍സ് മാനേജ്‌മെന്റ്, ടോക്ക് തെറാപ്പി, സ്‌ക്രീം തെറാപ്പി തുടങ്ങിയവയാണ് ഈ ഘട്ടത്തില്‍ സാധാരണയായി ഡോക്ടര്‍മാര്‍ പരീക്ഷിക്കാറ്. എന്നാല്‍ തുടര്‍ഘട്ടങ്ങളില്‍ മരുന്ന് കഴിക്കേണ്ടിയും വന്നേക്കാം. ഇതും ഓരോരുത്തരുടേയും അവസ്ഥയ്ക്കും തീവ്രതയ്ക്കും അനുസരിച്ച ഡോക്ടര്‍മാര്‍ തന്നെയാണ് നിര്‍ദേശിക്കുക.
