വിവാഹമോചനത്തിന് ശേഷം കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. എന്നാല്‍ ഏറെ കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ വളര്‍ത്തിയ കുഞ്ഞുങ്ങളുടെ വിവാഹചടങ്ങുകളിലും പല സുപ്രധാന ചടങ്ങുകളിലും വിവാഹമോചിത എന്ന നിലയില്‍ അരികുവല്‍ക്കരിക്കപ്പെടാറുണ്ട്. പരമ്പരാഗതമായി പിന്തുടരുന്ന പല കീഴ്വഴക്കങ്ങളുടെ പേരിലായിരിക്കും ഇത്തരം അരികുവല്‍ക്കരിക്കല്‍. 

എന്നാല്‍ അത്തരം കീഴ്വഴക്കങ്ങളെ കീഴ്മേല്‍ മറിച്ച് വിവാഹ മോചിതയായ അമ്മ പെണ്‍കുട്ടിയുടെ കന്യാദാനം ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചെന്നെ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ വരുണ്‍ സുരേഷ് പങ്ക് വച്ച ചിത്രങ്ങളെ കുറഞ്ഞ സമയംകൊണ്ടാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഓസ്ട്രേലിയയില്‍ താമസക്കാരായ രാജേശ്വരി വര്‍മയുടെ മകള്‍ സന്ധ്യയുടെ വിവാഹ നിമിഷങ്ങളാണ് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ചിന്തിച്ചിരിക്കുന്നത്.

എത്ര പുരോഗമനവാദികളാണെങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ പിന്തുടരുന്ന കീഴ്വഴക്കങ്ങളെ മറികടന്ന് സാധാരണ ആരും ചിന്തിക്കാറില്ല. തന്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിലാണ് ഈ അരികുവല്‍ക്കരിക്കലിന്റെ വേദന രാജേശ്വരി അറിഞ്ഞത്. തന്റെ മകളുടെ വിവാഹചടങ്ങുകളില്‍ താനും മാറി നില്‍ക്കേണ്ടി വരുമോയെന്ന വേദന രാജേശ്വരിയെ വേട്ടയാടിയിരുന്നു. 

എന്നാല്‍ സുഹൃത്തായ സാമിനെ വിവാഹം ചെയ്യാനുള്ള മകള്‍ സന്ധ്യ തീരുമാനിച്ചതിനൊപ്പം കന്യാദാനം അമ്മ തന്നെ ചെയ്താല്‍ മതിയെന്ന ആഗ്രഹം മകള്‍ പ്രകടിപ്പിച്ചതോടെ രാജേശ്വരിയ്ക്ക് സമാധാനമായി. എന്നാല്‍ പരമ്പരാഗത ബ്രാഹ്മണ സമുദായാഗംങ്ങള്‍ ഈ തീരുമാനത്തിന് എങ്ങനെ പിന്തുണയ്ക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ പിന്തുണ രാജേശ്വരിയ്ക്ക് ലഭിച്ചതോടെ കന്യാദാനം രാജേശ്വരി നടത്തുകയായിരുന്നു.