ചില രാജ്യക്കാര്‍ ജനുവരിയില്‍ മൂന്നു ദിവസമോ, 30 ദിവസമോ മദ്യപിക്കാതിരിക്കും. അതായത് ഡ്രൈഡേ ആയി ആചരിക്കും. അവരവരുടെ നാടിന്റെ സാംസ്ക്കാരികമായ ആചാരങ്ങളുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ സ്ഥിരമായി മദ്യപിക്കുന്ന ഒരാള്‍ രണ്ടു വര്‍ഷത്തോളം മദ്യപിക്കാതിരിക്കുന്നു. ഒപ്പം കോഫിയും ഒഴിവാക്കുന്നു. എന്നാല്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ എന്തു സംഭവിക്കും? പറഞ്ഞു വരുന്നത് ന്യൂയോര്‍ക്കിലുള്ള ഒരു പ്രമുഖ ഡിസൈനറുടെ ജീവിതത്തെക്കുറിച്ചാണ്. തോബിയാസ് വാന്‍ സ്‌നൈഡര്‍ എന്ന ഈ ഡിസൈനര്‍ തന്നെ ഇതേക്കുറിച്ച് പറയട്ടെ. "രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ മദ്യപാനം നിര്‍ത്തിയത്. ഇതിനിടയില്‍ പലപ്പോഴും സുഹൃത്തുക്കള്‍ എന്നെ മദ്യപിക്കാന്‍ ക്ഷണിച്ചു. പലതരം ചടങ്ങുകളിലേക്കും ക്ഷണിച്ചു. എന്നാല്‍ അവരോടെല്ലാം ഞാന്‍ 'നോ' എന്നു തന്നെ പറഞ്ഞു. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി എന്നെക്കുറിച്ച് ഒരു അപവാദങ്ങളും പ്രചരിച്ചില്ല എന്നതാണ്. ഗോസിപ്പ് ഒഴിവായ രണ്ടു വര്‍ഷമാണ് കടന്നുപോയത്".

വേറെയുമുണ്ട് ഗുണങ്ങളാണ്. മദ്യപാനം ഒഴിവാക്കിയതുവഴി തോബിയാസിന് പ്രതിമാസം ആയിരം ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞു. നന്നായി ഉറങ്ങാന്‍ സാധിക്കുന്നു. മാനസികസമ്മര്‍ദ്ദം തീരെ ഇല്ലാതായി. കുറഞ്ഞത് ദിവസേന ഒന്നു-രണ്ടു പെഗ് കഴിച്ചിരുന്ന തോബിയാസിന്റെ ജീവിതം മദ്യപാനം ഇല്ലാതായതോടെ ആകെ മാറിമറിഞ്ഞു. എന്നു മദ്യപാനം നിര്‍ത്തിയോ, അന്നുമുതല്‍ നന്നായി ഉറങ്ങാന്‍ സാധിക്കുന്നു. നന്നായി ഉറങ്ങിയശേഷം രാവിലെ കൂടുതല്‍ ഊര്‍ജ്ജത്തോടെ ഉണരാന്‍ സാധിക്കുന്നു. ഇതെല്ലാം തന്റെ കരിയറില്‍ വന്‍ വളര്‍ച്ചയുണ്ടാകാന്‍ കാരണമായതായും തോബിയാസ് പറയുന്നു. ഇതുപോലെ തന്നെയാണ് കോഫിയുടെ കാര്യവും. രണ്ടു വര്‍ഷമായി കോഫി കുടിക്കാതിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ മെച്ചം എന്താണെന്നുവെച്ചാല്‍ മാനസികസമ്മര്‍ദ്ദവും വിഷാദവും തീരെ ഇല്ലാതായി. കൂടുതല്‍ റിലാക്‌സ് ആകാന്‍ സാധിക്കുന്നുവെന്നും തോബിയാസ് പറയുന്നു.