പ്രണയ പങ്കാളിയിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ ഗുണം എന്താണ്? ഇതേ ചോദ്യം ലോകത്തെ വിവിധ രാജ്യങ്ങളിലേക്കയച്ചു നൽകി നടത്തിയ പഠനത്തിൽ കണ്ടെത്തിയത് കാഴ്ചയിലുള്ള ഭംഗിയല്ല ആ ഗുണമെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. പകരം പ്രണയ പങ്കാളിയായി എത്തുന്നയാളുടെ വ്യക്തിത്വത്തിനാണ് ഭൂരിഭാഗവും പ്രഥമ പരിഗണന നൽകിയത്. വ്യക്തിത്വം, ബുദ്ധി, കാഴ്ചയിലെ ഭംഗി, നർമ ബോധം, സമാന താൽപര്യങ്ങൾ, സാമ്പത്തിക സ്ഥിതി എന്നിവയായിരുന്നു സർവെയിൽ പങ്കെടുത്തവർക്ക് തെരഞ്ഞെടുക്കാനുള്ള ചോയ്സ്.

ഇവയെ മുൻഗണനാക്രമത്തിൽ നിശ്ചയിച്ചപ്പോൾ ഭൂരിഭാഗവും വ്യക്തിത്വത്തിന് അംഗീകാരം നൽകി. സ്ത്രീ, പുരുഷ ഭേദമന്യേ വ്യക്തിത്വത്തിന് മുൻഗണന നൽകി. എന്നാൽ വിയറ്റ്നാം തുടങ്ങി മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവർ കാഴ്ചയിലെ ഭംഗിക്കാണ് മുൻഗണന നൽകിയത്.

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണ് വ്യക്തിത്വത്തിന് കൂടുതൽ മുൻഗണന നൽകിയത്. 79 ശതമാനം പേർ. ഇൗജിപ്റ്റിൽ നിന്നുള്ള സ്ത്രീകളിൽ 83 ശതമാനം സ്ത്രീകളും വ്യക്തിത്വത്തിന് മുൻഗണന നൽകി. കാഴ്ചയിലെ ഭംഗിയാണ് പ്രണയ പങ്കാളിയിൽ കാണാൻ ആഗ്രഹിക്കുന്ന പ്രധാന ലക്ഷണം എന്ന പതിവ് സങ്കൽപ്പത്തെ തിരുത്തുന്നത് കൂടിയായി 20 രാഷ്ട്രങ്ങളിൽ യു ഗോവ് എന്ന അന്താരാഷ്ട്ര അഭിപ്രായ രൂപീകരണ സ്ഥാപനം നടത്തിയ പഠനം.

