എത്ര സുഹൃത്തുക്കളുണ്ടായാലും ബാല്യകാല സുഹൃത്തുക്കളെ വിടാതെ ചേര്‍ത്തുനിര്‍ത്തുന്നത് എന്തുകൊണ്ടായിരിക്കും? അവരോടുള്ള വിശ്വാസ്യതയും അടുപ്പവും മറ്റുള്ളവരോട് തോന്നാതിരിക്കാനുള്ള കാരണങ്ങള്‍ ഇവയാകാം

ഓരോ പ്രായത്തിലും ഓരോ സൗഹൃദക്കൂട്ടായ്മകളിലായിരിക്കും നമ്മള്‍ കറങ്ങിനില്‍ക്കുക. സ്‌കൂള്‍ കാലത്താണെങ്കില്‍ ക്ലാസ്‌മേറ്റുകള്‍, ഒരുമിച്ച് സ്‌കൂളിലേക്ക് പോകുന്നവര്‍ അങ്ങനെയൊക്കെ. കോളേജ് കാലമാകുമ്പോഴേക്കും സുഹൃത്തുക്കളുടെ എണ്ണവും അവരെ തെരഞ്ഞെടുക്കുന്ന രീതിയുമെല്ലാം അല്‍പം കൂടി വിപുലപ്പെടും. ജോലി ചെയ്യുന്നരാണെങ്കില്‍ അധികവും അതേ മേഖലയില്‍ നിന്നുള്ളവരായിരിക്കും കൂട്ടുകാര്‍. 

എന്നാല്‍ ബാല്യകാല സുഹൃത്തുക്കളെ മാത്രം നമ്മള്‍ പ്രത്യേകം പരിഗണിക്കുന്നത് എന്തുകൊണ്ടായിരിക്കും? രസകരമായ ചില സാധ്യതകള്‍ നോക്കാം..

ഒന്ന്...

ചെറുപ്പം മുതലേ നമ്മളെ വ്യക്തമായി അറിയാവുന്നത് കൊണ്ടുതന്നെ കൂടുതല്‍ ഒളിച്ചുവയ്ക്കലുകളുടെ ആവശ്യമില്ലാതെ ഇടപെടാന്‍ ബാല്യകാല സുഹൃത്തുക്കള്‍ തന്നെയാണ് നല്ലത്. എല്ലാ കാര്യങ്ങളും തുറന്നുപറയാനാകുമെന്നതാണ് ഇതിലെ ഏറ്റവും വലിയ ഗുണം. 

രണ്ട്...

നമ്മുടെ ഏറ്റവും മോശം സാഹചര്യങ്ങളില്‍ നമ്മളെ കണ്ടും അനുഭവിച്ചും കൂടെ നിന്നവരായിരിക്കും ബാല്യകാല സുഹൃത്തുക്കള്‍. അതിനാല്‍ തന്നെ തുടര്‍ന്നും അത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ വിശ്വാസ്യതയോടെ ആശ്രയിക്കാന്‍ നമ്മള്‍ അവരെ തന്നെ തെരഞ്ഞെടുക്കുന്നു. 

മൂന്ന്...

എത്ര അകലത്തിലാണെങ്കിലും ആ അകല്‍ച്ച അനുഭവപ്പെടാതെ നമുക്ക് സംസാരിക്കാനാകുന്ന ഏക സൗഹൃദ സംഘം ബാല്യകാല സുഹൃത്തുക്കളുടേതാകും. അത്തരത്തിലുള്ള ഒരു അടുപ്പം തുടര്‍ന്നുണ്ടാകുന്ന സുഹൃത്തുക്കളുമായി ഉണ്ടാകുന്നില്ല. മാത്രമല്ല, വിമുഖത കൂടാതെ വേണ്ട കാര്യങ്ങള്‍ മാത്രം സ്പഷടമായി സംസാരിക്കാനുമാകും. 

നാല്...

ഏത് വിഷയത്തിലും എത്ര വ്യത്യസ്തമായ കാഴ്ചപ്പാട് വച്ച് പുലര്‍ത്തിയാലും നമ്മളെ വിട്ട് പോകില്ലെന്ന ഉറപ്പായിരിക്കും അവരുമായുള്ള ബന്ധത്തിന്റെ ഉറപ്പ്. പരസ്യമായ എതിര്‍പ്പുകള്‍ക്കോ കളിയാക്കലുകള്‍ക്കോ വഴക്കുകള്‍ക്കോ അപ്പുറം സുദൃഢമാണ് ആ ബന്ധമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. 

അഞ്ച്...

നമ്മള്‍ പറയുന്ന കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നത് കൊണ്ടുതന്നെ അവരോട് എത്ര സംസാരിച്ചാലും മതി വരുന്നില്ല. നമ്മുടെ പുതിയ ജീവിത രീതി, ജോലി, മറ്റ് സുഹൃത്തുക്കള്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളെപ്പറ്റിയും എല്ലാക്കാലത്തും സംസാരിക്കാന്‍ കാണും. 

ആറ്...

ഏതെങ്കിലും രീതിയില്‍ അറ്റുപോയ ശേഷം പിന്നീട് തിരിച്ചെടുക്കാന്‍ കഴിയുന്ന ഒരു ബന്ധം കൂടിയാണ് ബാല്യകാല സുഹൃത്തുക്കളുടേത്. വലിയ വിശദീകരണങ്ങളില്ലാതെ നിര്‍ത്തിയിടത്ത് നിന്ന് തന്നെ ബന്ധം തുടരാനാകും. കൂടാതെ, ഒരുമിച്ചുള്ള ഒരുപാട് ഓര്‍മ്മകള്‍ വീണ്ടും വീണ്ടും പങ്കുവയ്ക്കാനും അവരല്ലാതെ മറ്റാരെയാണ് നമുക്ക് കിട്ടുക!