ഇന്നത്തെ കാലത്ത് മൊബൈല്‍ഫോണ്‍ ഒപ്പമില്ലാത്ത നിമിഷത്തെക്കുറിച്ച് ചിലര്‍ക്ക് ചിന്തിക്കാന്‍പോലും സാധിക്കില്ല. മിക്കവരും കുളിക്കുമ്പോഴും, ഉറങ്ങുമ്പോഴും മാത്രമായിരിക്കും ഫോണ്‍ മാറ്റിവെക്കുക. അതുകൊണ്ടുതന്നെ ടോയ്‌ലറ്റില്‍ പോകുമ്പോഴും ഫോണ്‍ കുത്തിപ്പിടിച്ച് ഇരിക്കുന്നത് സ്വാഭാവികമാണ്. ടോയ്‌ലറ്റില്‍ കാര്യം സാധിക്കുമ്പോഴും മിക്കവരും മൊബൈലില്‍ വാട്ട്സ്ആപ്പ് ചെയ്യുകയോ ഫേസ്ബുക്ക് പോസ്റ്റ് നോക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ടോയ്‌ലറ്റില്‍വെച്ചുള്ള ഫോണ്‍ ഉപയോഗം അത്ര നല്ലതല്ല. ഇത് വെറുതെ പറയുന്നതല്ല. അതിന് ചില കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

ബാക്‌ടീരിയ ബാധ...

സാല്‍മോണല്ല, ഇ-കോളി പോലെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന ബാക്‌ടീരിയകളുടെ വാസസ്ഥലം കൂടിയാണ് ടോയ്‌ലറ്റ്. അതുകൊണ്ടുതന്നെ ടോയ്‌ലറ്റില്‍നിന്ന് ബാക്‌ടീരിയകള്‍ നമ്മുടെ ഫോണിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. നമ്മള്‍ കൈയൊക്കെ വൃത്തിയായി കഴുകിയാലും, പിന്നീട് ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഇതേ ബാക്ടീരിയകള്‍ കൈകളിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്താം.

പൊതുശൗചാലയങ്ങളില്‍നിന്ന് രോഗാണുവാഹകരാകുന്നു...

പൊതുശൗചാലയങ്ങളില്‍പ്പോയി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അപകടകാരികളായി രോഗാണുവാഹകരായ പലതരം ബാക്‌ടീരിയകള്‍ ഫോണിലേക്ക് എത്താം. പിന്നീട് ഇവയുമായി റെസ്റ്റോറന്റിലോ ഓഫീസിലോ പോകുമ്പോള്‍ ഈ ബാക്‌ടീരിയകള്‍ പരത്തുന്ന രോഗം മറ്റുള്ളവരിലേക്കും അനായാസം എത്തിപ്പെടും. റെസ്റ്റോറന്റിലെ ഭക്ഷണത്തില്‍ ഈ ബാക്‌ടീരിയകള്‍ എത്തിപ്പെട്ടാല്‍, വയറിളക്കം, ഛര്‍ദ്ദി, മഞ്ഞപ്പിത്തം പോലെയുള്ള അസുഖങ്ങളും പെട്ടെന്ന് പിടിപെടാന്‍ ഇടയാക്കും.

ഫോണ്‍ ക്ലോസറ്റില്‍ വീഴാനുള്ള സാധ്യത കൂടും

ഫോണുമായി ടോയ്‌ലറ്റിലേക്ക് പോയാല്‍, അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുന്നതിനോ ക്ലോസറ്റില്‍ വീഴുന്നതിനോ ഉള്ള സാധ്യത കൂടുതലാണ്. വെള്ളത്തില്‍ വീണാല്‍ ഫോണിന് കേടുപാട് സംഭവിച്ചേക്കും. അതുകൊണ്ടുതന്നെ ഫോണുമായി ടോയ്‌ലറ്റിലേക്ക് പോകുന്ന ശീലം കര്‍ശനമായും ഒഴിവാക്കുക.

ഫോണിന് പകരം പത്രമായാലോ?

പണ്ടൊക്കെ ടോയ്‌ലറ്റില്‍ ഇരുന്ന് എന്തെങ്കിലും വായിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പത്രമോ, പ്രസിദ്ധീകരണങ്ങളോ ആണ് കൊണ്ടുപോകാറുള്ളത്. അതുതന്നെയാണ് നല്ല ശീലവും. അതുകൊണ്ട് ഇനി ടോയ്‌ലറ്റിലേക്ക് പോകുമ്പോള്‍ ഫോണിന് പകരം പത്രം കൊണ്ടുപോകുന്നത് ശീലമാക്കൂ.