പ്രസവത്തിനായുള്ള സിസേറിയന്‍ ശസ്‌ത്രക്രിയയ്ക്കിടെ ഡോക്‌ടര്‍മാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വാക്‌തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഫലമോ, പ്രസവത്തിനായി കിടന്ന യുവതിയെ ആരും ശ്രദ്ധിച്ചില്ല. കുട്ടി മരിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജോധ്‌പുരിലെ ഉമൈദ് ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഡോക്‌ടര്‍മാരായ അമിലാല്‍ ഭട്ട്, എംല്‍ ടക് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പ്രസവശസ്‌ത്രക്രിയയ്‌ക്കായി യുവതിയെ ഓപ്പറേഷന്‍ ടേബിളില്‍ കിടത്തിയശേഷമായിരിന്നു ഡോക്‌ടര്‍മാരുടെ തര്‍ക്കം. ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡോക്‌ടര്‍മാര്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയത്. തര്‍ക്കം ഏറെ നേരം നീളുകയും, ഒടുവില്‍ ഇരു ഡോക്ടര്‍മാര്‍ തമ്മില്‍ ഉന്തുംതള്ളും ഉണ്ടാകുകയും ചെയ്തു. ഇതോടെ ശസ്‌ത്രക്രിയ നീളുകയും ചെയ്തു. ഒടുവില്‍ ശസ്‌ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുമ്പോള്‍ മരിച്ചിരുന്നു. അതേസമയം ശസ്‌ത്രക്രിയ വൈകിയതുകൊണ്ടാണോ, അതോ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നം മൂലമാണോ കുട്ടി മരിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡോക്‌ടര്‍മാര്‍ പോരടിക്കുന്ന വീഡിയോ കാണാം...